വൊഡാഫോൺ ഐഡിയയുടെ 5% ഓഹരി ഗൂഗിൾ വാങ്ങിയേക്കും

Friday 29 May 2020 3:45 AM IST

ന്യൂഡൽഹി: ആഗോള ടെക്‌നോളജി ഭീമനായ ഗൂഗിൾ, ടെലികോം കമ്പനിയായ വൊഡാഫോൺ ഐഡിയയുടെ അഞ്ചു ശതമാനം ഓഹരികൾ വാങ്ങിയേക്കും. ആദിത്യ ബിർള ഗ്രൂപ്പിന്റെയും ബ്രിട്ടനിലെ വൊഡാഫോൺ കമ്പനിയുടെയും സംയുക്ത സംരംഭമാണ് ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനികളിൽ ഒന്നായ വൊഡാഫോൺ ഐഡിയ.

റിലയൻസ് ഇൻഡസ്‌ട്രീസിന്റെ ടെലികോം, ഡിജിറ്റൽ സംരംഭമായ ജിയോ പ്ളാറ്ര്‌ഫോംസിന്റെ ഓഹരികളിലും ഗൂഗിൾ കണ്ണുനട്ടിട്ടുണ്ടെന്നാണ് സൂചന. വൊഡാഫോൺ ഐഡിയയുടെ വിപണിമൂല്യം 16,724 കോടി രൂപയാണ്. റിലയൻസ് ജിയോയുടേത് 4.87 ലക്ഷം കോടി രൂപയും. മൈക്രോസോഫ്‌‌റ്രിന് 2.5 ശതമാനം ഓഹരികൾ വിൽക്കുന്നത് സംബന്ധിച്ച ചർച്ച ജിയോ തുടങ്ങിയെന്നും കേൾക്കുന്നു. ചർച്ച വിജയിച്ചാൽ 200 കോടി ഡോളറിന്റെ നിക്ഷേപം (15,000 കോടി രൂപ) മൈക്രോസോഫ്‌റ്റിൽ നിന്ന് ജിയോയിലെത്തും. ഫേസ്ബുക്ക് ഉൾപ്പെടെ അഞ്ച് കമ്പനികളിൽ നിന്നായി കഴിഞ്ഞ ഒരുമാസത്തിനിടെ 78,562 കോടി രൂപയുടെ നിക്ഷേപം ജിയോ നേടിയിരുന്നു.