ഉത്ര കൊലക്കേസ്: നിരപരാധി ചമയുന്നതിന് പിന്നിൽ തിരക്കഥ

Friday 29 May 2020 12:31 AM IST

uthra

കൊല്ലം: അഞ്ചൽ ഏറം വെള്ളശേരിയിൽ ഉത്രയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഭർത്താവ് സൂരജിന് നിരപരാധി ചമയാൻ പരിശീലനം ലഭിച്ചിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ബലമായി സംശയിക്കുന്നു.

ചോദ്യം ചെയ്തപ്പോൾ ഭാര്യയെ നഷ്ടപ്പെട്ടതിന്റെ സങ്കടം പറഞ്ഞ് ഒഴിഞ്ഞുമാറാനായിരുന്നു ശ്രമം. തെളിവുകൾ നിരത്തിയപ്പോഴാണ് കുറ്റസമ്മതം നടത്തിയത്.

മാദ്ധ്യമങ്ങൾക്ക് മുന്നിലെ സൂരജിന്റെ വികാര പ്രകടനങ്ങൾക്ക് പിന്നിൽ ബുദ്ധികേന്ദ്രമുണ്ടെന്നാണ് പൊലീസിന്റെ ചിന്ത.

പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക് കുപ്പി മറ്റാരുടെയും ശ്രദ്ധയിൽപ്പെടാത്തവിധം ഒളിപ്പിക്കാനാണ് അതിരാവിലെ മുറി വിട്ടിറങ്ങിയതെന്ന് പൊലീസിനോട് സമ്മതിച്ചിരുന്നു. എന്നാൽ ഇക്കാര്യം അടൂർ പറക്കോട്ടെ വീട്ടിൽ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ മാദ്ധ്യമങ്ങൾക്ക് മുമ്പിൽ നിഷേധിച്ചു.

അമ്മയും സഹോദരിയും മാദ്ധ്യമങ്ങളോട് പറയുന്നതും ഈ തിരക്കഥയാണെന്ന് പൊലീസ് കരുതുന്നു. അണലിയെ ഉപയോഗിച്ച് ഉത്രയെ കടിപ്പിച്ച മാർച്ച് 2ന് രാത്രിയിൽ വീട്ടിൽ നടന്ന കാര്യങ്ങളെ കുറിച്ച് സൂരജും അമ്മയും പറയുന്നതിൽ വൈരുദ്ധ്യമുണ്ട്. ഫെബ്രുവരി 29ന് സ്റ്റെയർ കേസിൽ അണലിയെ കൊണ്ടിട്ട് കൊലപ്പെടുത്താൻ നടത്തിയ ശ്രമം ഉത്ര നിലവിളിച്ചതോടെ പാളിയിരുന്നു.

ഈ രണ്ട് സംഭവങ്ങളെയും നിസാരവത്കരിച്ചാണ് കുടുംബം സംസാരിക്കുന്നത്. പരാതി ഉയർന്നപ്പോൾത്തന്നെ ഇവർ നിയമസഹായം തേടിയിരിക്കാം.