തൊഴിലാളി പ്രശ്നങ്ങൾക്ക് പരിഹാരമില്ല: മുല്ലപ്പള്ളി

Friday 29 May 2020 1:58 AM IST

തിരുവനന്തപുരം: ലോക്ക് ഡൗൺ പ്രഖ്യാപിച്ച് 60 ദിവസം പിന്നിട്ടിട്ടും കർഷകരുടെയും വിവിധ മേഖലയിലെ തൊഴിലാളികളുടെയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ കേന്ദ്രസർക്കാർ പൂർണ പരാജയമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസ്താവിച്ചു. സ്പീക്കപ്പ് ഇന്ത്യാ സോഷ്യൽ മീഡിയാ കാമ്പെയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധിഘട്ടത്തിൽ ജനങ്ങളുടെ കൈയിൽ നേരിട്ട് പണമെത്തിക്കുന്നതിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പരാജയമാണ്. അസംഘടിത മേഖലകളിലെ തൊഴിലാളികൾക്ക് 10000 രൂപ വീതം നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ടുകളിലെത്തിക്കണം. കേന്ദ്ര സർക്കാർ 20ലക്ഷം കോടിയുടെയും സംസ്ഥാന സർക്കാർ 20000 കോടിയുടെയും സാമ്പത്തിക പാക്കേജിന്റെ പേരിൽ ജനങ്ങളെ കബളിപ്പിച്ചു.