തിയേറി ഡെലാപോർട്ടെ വിപ്രോ സി.ഇ.ഒ
Saturday 30 May 2020 3:25 AM IST
ബംഗളൂരു: ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി കമ്പനികളിലൊന്നായ വിപ്രോയുടെ സി.ഇ.ഒയായി തിയേറി ഡെലാപോർട്ടെ നിയമിതനായി. ഫ്രഞ്ച് ഐ.ടി കമ്പനിയായ കാപ്ജെമിനിയുടെ സി.ഇ.ഒയായിരുന്ന ഡെലാപോർട്ടെ, സ്ഥാനമൊഴിയുന്ന അബീദലി നീമൂച്‌വാലയുടെ പകരക്കാരനായാണ് വിപ്രോയിലെത്തുന്നത്. ഇൻഫോസിസ് സി.ഇ.ഒ സലീൽ പരേഖിന് ശേഷം കാപ്‌ജെമിനിയിൽ നിന്ന് ഒരു ഇന്ത്യൻ ഐ.ടി കമ്പനിയുടെ തലപ്പത്തെത്തുന്ന രണ്ടാമനാണ് ഡെലാപോർട്ടെ.
അഞ്ചുവർഷത്തേക്കാണ് ഡെലാപോർട്ടെയുടെ നിയമനം. വരുമാന വർദ്ധനയിൽ ഇൻഫോസിസ്, ടി.സി.എസ്., എച്ച്.സി.എൽ എന്നിവ ഉയർത്തുന്ന വെല്ലുവിളി നേരിടുകയാണ് അദ്ദേഹത്തിന്റെ പ്രധാനദൗത്യം. എച്ച്.ഡി.എഫ്.സി മാനേജിംഗ് ഡയറക്‌ടറായിരുന്ന ദീപക് സത്‌വലേകറിനെ സ്വതന്ത്ര ഡയറക്‌ടറായും വിപ്രോ നിയമിച്ചു.