താളംതെറ്റിയ ബെവ് ക്യൂ ആപ്പിന് സർക്കാരിന്റെ അന്ത്യശാസനം
തിരുവനന്തപുരം: ബെവ് ക്യൂ ആപ്പിന്റെ പ്രവർത്തനം ഒരാഴ്ചയ്ക്കുള്ളിൽ ഉദ്ദേശിച്ച രീതിയിൽ മെച്ചപ്പെട്ടില്ലെങ്കിൽ ആപ്പ് ഒഴിവാക്കി മറ്റ് മാർഗങ്ങളിലൂടെ മദ്യവിതരണം നടത്തും.
ഇന്നലെ രാവിലെ നടന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ ആപ്പിന്റെ പ്രവർത്തനത്തിൽ കടുത്ത അതൃപ്തിയാണ് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ പ്രകടിപ്പിച്ചത്. വൈകിട്ടോടെ പ്രശ്നം പരിഹരിക്കുമെന്ന് ഫെയർകോഡ‌് കമ്പനി അറിയിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു..എന്നാൽ, വൈകിട്ട് ആരയ്ക്ക് ബുക്കിംഗ് ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും നടന്നില്ല. ബുക്കിഗ് ഇന്ന് പുലർച്ചെ 3.45നു ആരംഭിക്കുമെന്നാണ് ആപ്പിൽ ലഭിക്കുന്ന സന്ദേശം. ഞായർ സമ്പൂർണ്ണ ലോക്ഡൗണും തിങ്കൾ ഡ്രൈ ഡേയും ആയതിനാൽ രണ്ടു ദിവസത്തെ സാവകാശം കൂടി ആപ്പ് നിർമ്മാതാക്കൾക്ക് ലഭിക്കും.
ടോക്കൺ വിതരണം നിലച്ചു
ആപ്പ് പണിമുടക്കിയതോടെ രണ്ടാം ദിനമായ ഇന്നലേയും മദ്യവിതരണം താളം തെറ്റി. രാവിലെ ആറുമുതലാണ് ബുക്കിംഗ് തുടങ്ങിയത്. ടോക്കണിന് തിരക്ക് വർദ്ധിച്ചതോടെ ആപ്പ് പണിമുടക്കി. ടോക്കൺവിതരണം നിലച്ചു
പലരും നേരിട്ട് ബാറുകളിലെത്തി. വരിയിൽ നിന്നവർക്ക് ബാർ ജീവനക്കാർ ടോക്കണില്ലാതെ മദ്യം നൽകി. പല ബാറുകളിലും തിരക്ക് അനിയന്ത്രിതമായി അതേസമയം ടോക്കൺ വേണമെന്ന് നിബന്ധന പാലിച്ചതിനാൽ ബിവറേജസ്, കൺസ്യൂമർ ഫെ്ഡ് ഷോപ്പുകളിൽ കച്ചവടം കുറവായിരുന്നു. അനാവശ്യമായി ടോക്കൺ എടുത്തവരും ഇക്കൂട്ടത്തലുണ്ടായിരുന്നു. അവരിൽ പലരും മദ്യം വാങ്ങാനെത്തിയതുമില്ല.
ടോക്കണില്ലാതെ മദ്യം നൽകുന്നതറിഞ്ഞ് ബാറുകളിലേക്ക് ജനം ഒഴുകിയെത്തി. തിരക്ക് ഗണ്യമായി വർദ്ധിച്ചതോടെ പലയിടത്തും എക്‌സൈസ് ഉദ്യോഗസ്ഥരെത്തി ബാറുകളുടെ പ്രവർത്തനം തടഞ്ഞു. കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ചില ബാറുകൾ അടപ്പിച്ചു. സ്ഥിതി കൈവിട്ടതോടെ ബാറുകളിൽ പരിശോധന നടത്താൻ എക്‌സൈസ് കമ്മിഷണർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഒരു ടോക്കൺ ഉപയോഗിച്ച് പലതവണ മദ്യം വാങ്ങിയവരുമുണ്ട്.
ജവാൻ ചോദിച്ചു, മുന്നിൽ ഷിവാസ് റീഗൽ,
വില കേട്ട് കണ്ണുതള്ളി
ബാറുകളിൽ സ്റ്റോക്ക് തീരുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ മിക്ക ബാറുകളിലും ജനപ്രിയ ബ്രാൻഡുകൾക്ക് ക്ഷാമം. സ്റ്റോക്ക് തീരാറായി. നക്ഷത്ര ഹോട്ടലുകളിൽ വില കൂടിയ മദ്യം മാത്രമേ ലഭിക്കുന്നുള്ളൂ.
കൊച്ചി കടവന്ത്രയിലെയും കുണ്ടന്നൂരിലെയും ഫോർട്ട് കൊച്ചിയിലെയും നക്ഷത്രഹോട്ടലുകളിൽ ടോക്കൺ ലഭിച്ച് ചെന്നവരാണ് ശരിക്കും ഞെട്ടിയത്. റെമി മാർട്ടിൻ, ഗ്ലെൻഫിഡിച്, ഷിവാസ് റീഗൽ തുടങ്ങിയ മുന്തിയ ഇനം മദ്യം മാത്രം. വില 2000 മുതൽ എണ്ണായിരം വരെ. ജവാൻ ചോദിച്ച് ചെന്നവരുടെ കണ്ണ് തള്ളി.ചില ബാറുകളിൽ വീര്യം കൂടിയ ഇനങ്ങൾ ആദ്യമേ തീർന്നു. ശേഷിച്ചത് ബിയർ മാത്രം.
തിരക്ക് ഒഴിവാക്കാനാണ് ടോക്കൺ ഏർപ്പെടുത്തിയതെങ്കിലും അത് വിഫലമായി. ബിവറേജസിനു മുന്നിൽ ക്യൂ കുറവായിരുന്നെങ്കിലും ബാറുകൾക്ക് മുന്നിൽ സാമൂഹിക അകലം പാലിക്കാതെ തിരക്കായിരുന്നു. പലയിടത്തും ടോക്കൺ കിട്ടാതെ വന്നവർ ടോക്കണുള്ളവരെക്കൊണ്ട് ഒരു കുപ്പിയെങ്കിലും വാങ്ങാൻ വട്ടം കൂടി. വെബ് ക്യൂ വഴി ബുക്ക് ചെയ്ത മിക്കവർക്കും ബാറുകളിൽ നിന്നു വാങ്ങാനാണ് നിർദേശം വന്നത്.
ബെവ് ക്യൂ ആപ്പ്:
എക്സൈസ്മന്ത്രി
റിപ്പോർട്ട് തേടി
*ഈ ഞായറും,തിങ്കളും മദ്യവിതരണമില്ല
തിരുവനന്തപുരം: വെർച്വൽ ക്യൂ സംവിധാനത്തിലൂടെ വിദേശമദ്യം വിതരണം ചെയ്യുന്നതിന് വികസിപ്പിച്ച ബെവ് ക്യൂ മൊബൈൽ ആപ്പിന്റെ സാങ്കേതിക പ്രശ്നങ്ങളെക്കുറിച്ച് എക്സൈസ് മന്ത്രി ടി.പി. രാകൃഷ്ണൻ ബിവറേജസ് കോർപ്പറേഷനോടും, സ്റ്റാർട്ടപ്പ് മിഷനോടും റിപ്പോർട്ട് ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ചു പ്രവർത്തനങ്ങൾ ഉന്നത ഉദ്യോഗസ്ഥരുമായി മന്ത്രി ചർച്ച ചെയ്തു. മൊബൈൽ ആപ്പ് വഴിയുള്ള ടോക്കൺ സംവിധാനത്തിലെ പോരായ്മകൾ പരിഹരിച്ചതായി യോഗം വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ ,ഒരു ദിവസം ഏകദേശം 4.5 ലക്ഷം ഉപഭോക്താക്കൾക്ക് സാമൂഹിക അകലം പാലിച്ച് മദ്യവിതരണം നടത്താനാവും.
മേയ് 31 (ഞായറാഴ്ച), ജൂൺ ഒന്ന് (ഡ്രൈ ഡേ) തിയതികളിൽ മദ്യവിതരണമില്ല. ജൂൺ രണ്ടു മുതൽ പൂർണ്ണമായ സംവിധാനം ലഭ്യമാക്കുമെന്ന് ബെവ്കോ എം.ഡി അറിയിച്ചു.
ബെവ് ക്യു ആപ്പ്
പിൻവലിക്കാത്തത്അഴിമതി
മറയ്ക്കാൻ: ചെന്നിത്തല
തിരുവനന്തപുരം: മദ്യവിതരണത്തിനുള്ള ബെവ്കോ ആപ്പ് രണ്ടാം ദിവസവും തകരുകയും ,മദ്യവിതരണം കൂട്ടക്കുഴപ്പത്തിലെത്തുകയും ചെയ്തതോടെ ,ആപ്പിന് പിന്നിലെ അഴിമതിയെപ്പറ്റി പ്രതിപക്ഷം ഉന്നയിച്ച ആരോപണം ശരിയെന്ന് തെളിഞ്ഞതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.