ശിവഗിരി ടൂറിസം സർക്യൂട്ട് പദ്ധതി കേന്ദ്രസർക്കാർ റദ്ദാക്കി
തിരുവനന്തപുരം : കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സ്വദേശി ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തി 69.47 കോടി മുടക്കി നിർമ്മിക്കാൻ തീരുമാനിച്ചിരുന്ന ശിവഗിരി ടൂറിസം സർക്യൂട്ട് അടക്കം രണ്ടു പദ്ധതികൾ ഉപേക്ഷിച്ചതായി സംസ്ഥാന ടൂറിസം വകുപ്പിന് അറിയിപ്പ് ലഭിച്ചു.
ശ്രീനാരായണഗുരുവുമായി ബന്ധപ്പെട്ട ക്ഷേത്രങ്ങളെ ഒരുമിച്ചുചേർത്തു നടപ്പാക്കാൻ തീരുമാനിച്ചിരുന്ന വികസന പദ്ധതിയിൽ നിന്നും പിന്മാറുന്നതായാണ് അറിയിച്ചിട്ടുള്ളത്.ശിവഗിരി, അരുവിപ്പുറം, കുന്നുംപാറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം , ചെമ്പഴന്തി ഗുരുകുലം എന്നിവ ഉൾപ്പെടുത്തി കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ മുൻ കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം ശിലാസ്ഥാപനം നടത്തിയ പദ്ധതി . ഐ.ടി.ഡി.സി മുഖേന നടപ്പാക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്.
ഇതോടൊപ്പം, സംസ്ഥാനത്തെ പതിനാല് ജില്ലകളിലെയും പ്രധാന ഹൈന്ദവ, ക്രൈസ്തവ, മുസ്ലീം ദേവാലയങ്ങളെ ചേർത്ത് 85.23 കോടി ചെലവിൽ നടപ്പാക്കാൻ ഉദ്ദേശിച്ചിരുന്ന മറ്റൊരു പദ്ധതിയും ഉപേക്ഷിച്ചതായി അറിയിച്ചിട്ടുണ്ട് . മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരനാണ് ഈ പദ്ധതി ഉദ്‌ഘാടനം ചെയ്തത്. ആകെ 154 കോടിയുടെ പദ്ധതികളാണ് ഇതോടെ ,കേരളത്തിന് നഷ്ടമായത് . അതേ സമയം ശിവഗിരി ടൂറിസം സർക്യൂട്ട് പദ്ധതി ഉപേക്ഷിച്ചതായി അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ പറഞ്ഞു.
ശിവഗിരി തീർത്ഥാടന സർക്യൂട്ട് പദ്ധതി കേന്ദ്രം ഉപേക്ഷിച്ചതിനെപ്പറ്റി അറിയില്ലെന്നും അന്വേഷിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പ്രതികരിച്ചു.
പുന:പരിശോധിക്കണം:
വി മുരളീധരൻ
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ സ്വദേശി ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തിയ ശ്രീനാരായണ ടൂറിസം സർക്യൂട്ട് ഉൾപ്പെടെയുള്ള കേരളത്തിലെ ടൂറിസം പദ്ധതികൾ റദ്ദാക്കാനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്‌ളാദ് സിംഗ് പട്ടേലുമായി നടത്തിയ കൂടിക്കാഴ്‌ചയിൽ ആവശ്യപ്പെട്ടു. ശബരിമല ഉൾപ്പെടെയുള്ള പദ്ധതികൾക്കായി അനുവദിച്ച പണം കേരള സർക്കാർ ചെലവഴിച്ചിട്ടില്ലെന്നാണ് വിവരം. ഉദ്യോഗസ്ഥ തലത്തിലുള്ള കുടിയാലോചനക്ക് ശേഷം ഉചിതമായ തീരുമാനമെടുക്കാമെന്ന് ടൂറിസം മന്ത്രി അറിയിച്ചെന്നും വി മുരളീധരൻ പറഞ്ഞു.