ഗുരുതര അനാസ്ഥ,​ കോട്ടയത്ത് കൊവിഡ് ആശുപത്രിയിൽ നഴ്സുമാർക്കായി അഭിമുഖം,​ സാമൂഹ്യ അകലം പാലിക്കാതെ ക്യൂ നിന്നത് ആയിരത്തിലേറെപ്പേർ

Saturday 30 May 2020 12:35 PM IST

കോട്ടയം: കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി കോട്ടയം ജില്ലാ ആശുപത്രിയിൽ നഴ്‌സുമാർക്കായി നടത്തിയ അഭിമുഖം കളക്ടർ ഇടപെട്ട് നിറുത്തിവയ്പ്പിച്ചു. അഭിമുഖത്തിനെത്തിയ ആയിരത്തിലേറെപ്പേർ കൊവിഡ് ആശുപത്രിയായ ജില്ലാ ആശുപത്രിയുടെ മതിൽക്കെട്ടിന് അകത്തും പുറത്തുമായി സാമൂഹ്യ അകലംപോലും പാലിക്കാതെ വരിനിൽക്കുകയായിരുന്നു.

ക്യൂ റോഡിലേക്ക് നീണ്ടതോടെ ആംബുലൻസുകൾക്ക് പോലും കടന്നുപോകാൻ സാധിക്കാത്ത അവസ്ഥയിലായി. പൊലീസ് സ്ഥലത്തെത്തിയെങ്കിലും അവർ സംഭവത്തിൽ ഇടപെടാതെ ഗതാഗതം നിയന്ത്രിക്കുന്നതിനായിരുന്നു മുൻഗണനനൽകിയത്. ആശുപത്രിയിൽ ഒരു മാസത്തെ താത്കാലിക ഒഴിവിലേക്കാണ് അഭിമുഖം നടത്തിയത്. 21 ഒഴിവുകളാണ് ഉണ്ടായിരുന്നത്. നേരത്തെ നിശ്ചയിച്ച അഭിമുഖമായിരുന്നു. ഇത്രയധികം പേർ വരുമെന്ന് കരുതിയിരുന്നില്ലെന്നാണ് അധികൃതർ പറയുന്നത്.