വിട പറഞ്ഞത് സ്‌നേഹനിധിയായ അമ്മ

Sunday 31 May 2020 12:37 AM IST
തങ്കം

ചിറ്റൂർ: സോഷ്യലിസ്റ്റ് ആചാര്യനായിരുന്ന കെ.എ.ശിവരാമ ഭാരതി പൊതുരംഗത്ത് നിറഞ്ഞുനില്ക്കുന്ന സമയം. അദ്ദേഹത്തെ കാണാനും പരാതി ബോധിപ്പിക്കാനും കൊഴിഞ്ഞാമ്പാറയിലെ വീട്ടിൽ എന്നും സാധാരണക്കാരുടെ തിരക്കായിരുന്നു. വീട്ടിൽ വരുന്നവർക്ക് ഒരു ഗ്ലാസ് ചായയെങ്കിലും കൊടുത്തെങ്കിൽ മാത്രമെ തങ്കം അമ്മയ്ക്ക് മനസമാധാനമാകൂ.

ജോർജ് ഫെർണാണ്ടസ്, പട്ടം താണുപിള്ള തുടങ്ങിയ ഒരുപാട് നേതാക്കൾക്കും ചിറ്റൂർ, കൊഴിഞ്ഞാമ്പാറ, ചാലക്കുടി മലക്കപ്പാറ, നെല്ലിയാമ്പതി ഭാഗത്തെ സോഷ്യലിസ്റ്റ് പ്രവർത്തകർക്കും തൊഴിലാളികൾക്കും സ്‌നേഹത്തോടെ വെച്ചുവിളമ്പിയ അമ്മയാണ് നാടിന്റെ ഓർമ മാത്രമായത്.

കെ.എ.ശിവരാമ ഭാരതി സോഷ്യലിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ മുൻപന്തിയിലായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയെന്ന നിലയിൽ തങ്കം അമ്മയുടെ സ്‌നേഹവും ഏറെ അനുഭവിച്ചറിഞ്ഞവരാണ് കരംപൊറ്റയിൽ എത്തുന്നവർ. തീരെ ഗതിയില്ലാതെ സഹായം തേടിയെത്തുന്ന പാവപ്പെട്ടവർക്ക് ചിലവ് കാശ് കൊടുത്തയക്കുന്നതും പതിവാണ്. ശിവരാമ ഭാരതി വീട്ടിലില്ലെങ്കിലും വരുന്നവരുടെ പ്രശ്നങ്ങൾ കേട്ടറിഞ്ഞ് അദ്ദേഹത്തോട് പറഞ്ഞ് കാര്യങ്ങൾ ബോദ്ധ്യപ്പെടുത്താനും തങ്കം ഏറെ ശ്രദ്ധിച്ചു. ശിവരാമഭാരതി 19 മാസം ജയിൽവാസമനുഷ്ഠിച്ച സമയത്ത് കുടുംബാംഗങ്ങൾക്കും അണികൾക്കുമെല്ലാം ആശ്വാസമേകി അവർ സജീവമായിരുന്നു.