ഭരണപരാജയത്തിന്റെ ഒന്നാം വർഷം: ചെന്നിത്തല

Sunday 31 May 2020 12:00 AM IST

തിരുവനന്തപുരം: എല്ലാ രംഗത്തും പരാജയപ്പെട്ട രണ്ടാം മോദി സർക്കാരിന്റെ ആദ്യവർഷം രാജ്യത്തെ ബഹുദൂരം പിന്നോട്ടടിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
സാമ്പത്തിക ഭദ്രത തകരുകയും രാജ്യം മാന്ദ്യത്തിന്റെ പിടിയലാവുകയും ചെയ്തു. പൗരത്വ ഭേദഗതി നിയമം പോലുള്ള വിനാശകരമായ നീക്കങ്ങൾ രാജ്യത്തിന്റെ മതേതര അടിത്തറയെ പിടിച്ചുലച്ചു. ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടായി. കാർഷിക മേഖലയിൽ വലിയ തളർച്ചയാണുണ്ടായത്. കർഷക ആത്മഹത്യ നിത്യസംഭവമായി. തൊഴിലില്ലായ്മ പാരമ്യത്തിലെത്തി. ആനുകൂല്യങ്ങളെല്ലാം വൻകിട കോർപ്പറേറ്റുകൾക്ക് മാത്രമായി.

കൊവിഡ് ലോക്ക് ഡൗൺ കാരണം രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി കൂടുതൽ വഷളായി. ആയിരത്തിയഞ്ഞൂറ് കിലോമീറ്റർ കാൽനടയായി പലായനം ചെയ്യേണ്ടി വന്ന അന്യസംസ്ഥാനത്തൊഴിലാളികളുടെ ദയനീയാവസ്ഥ ഏറ്റവും ദുഖകരമായ കാഴ്ചയാണ്.

കൊവിഡ് സാമ്പത്തിക പാക്കേജിന്റെ മറവിൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ അന്ത്യം കുറിക്കാനാണ് സർക്കാർ ഉത്സാഹം കാണിച്ചത്. 20ലക്ഷം കോടിയുടെ പാക്കേജ് വെറും വാചക കസർത്തായി മാറിയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.