"തുടക്കവും ഉറക്കവും", പടിയിറങ്ങുന്നതിന്റെ അവസാനദിനം ഓഫീസിൽ കിടന്നുറങ്ങി, വിവാദങ്ങൾക്കൊടുവിൽ ജേക്കബ് തോമസ് ഇന്ന് വിരമിക്കും
ഐ.പി.എസ് ഉദ്യോഗസ്ഥനും മുൻ വിജിലൻസ് ഡയറക്ടറുമായ ജേക്കബ് തോമസ് 35 വർഷത്തെ സർവീസിന് ശേഷം ഇന്ന് വിരമിക്കും. സഹപ്രവർത്തകർ നൽകിയ യാത്ര അയപ്പ് ചടങ്ങിൽ പോലും ജേക്കബ് തോമസ് പങ്കെടുത്തിരുന്നില്ല. അവസാന സർവീസ് ദിവസം ഓഫീസിലാണ് ജേക്കബ് തോമസ് കിടന്നുറങ്ങിയത്.
ഓഫീസിൽ കിടക്ക വിരിച്ചിരിക്കുന്ന ചിത്രം ജേക്കബ് തോമസ് തന്നെയാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. സിവിൽ സർവീസ് അവസാന ദിവസത്തിന്റെ തുടക്കവും ഉറക്കവും ഷൊർണ്ണൂർ മെറ്റൽ ഇൻഡസ്ട്രീസ് ഓഫീസിൽ എന്നാണ് ജേക്കബ് തോമസ് പോസ്റ്റിൽ കുറിച്ചത്.
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ വിജിലന്‍സ് ഡയറക്ടറായാണ് ജേക്കബ് തോമസിനെ നിയോഗിച്ചത്. കേസെടുക്കുന്നതിലും അറസ്റ്റ് ചെയ്യുന്നതിലും കുറ്റപത്രം സമര്‍പ്പിക്കുന്നതിലുമെല്ലാം ജേക്കബ് തോമസ് വിജിലന്‍സില്‍ അടിമുടി പരിഷ്‌ക്കാരങ്ങള്‍ കൊണ്ടുവന്നു. എന്നാൽ പിന്നീട് സർക്കാരുമായി അഭിപ്രായഭിന്നതയിലായിരുന്നു. നിലവിൽ ഷൊർണൂരിലെ മെറ്റൽ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാണ് ജേക്കബ് തോമസ്.
സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ എന്ന പുസ്തകം എഴുതിയതിന്റെ പേരിൽ സർക്കാരിന്റെ കണ്ണിലെ കരടായി മാറിയ ജേക്കബ് തോമസിനെ ഒടുവിൽ കൊണ്ട് ഒതുക്കിയത് ഷൊർണൂരിലെ മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായിട്ടാണ്. ഏതാനം ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹത്തെ സർക്കാർ വീണ്ടും സസ്പെൻഡ് ചെയ്തിരുന്നു. മുമ്പ് സസ്പെൻഡ് ചെയ്ത് രണ്ട് വർഷത്തോളം പുറത്ത് നിന്ന അദ്ദേഹം കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബൂണലിൻെറ ഉത്തരവ് പ്രകാരമാണ് ജോലിയിൽ തിരിച്ചെത്തിയത്.
ബന്ധുനിയമന പരാതിയിൽ ഇ.പി.ജയരാജനെതിരെ കേസെടുത്തതോടെ ജേക്കബ് തോമസും സർക്കാരും തമ്മിൽ ഉടക്കായി. ജേക്കബ് തോമസിനോട് നിർബന്ധ അവധിയിൽ പോകാൻ നിർദ്ദേശിച്ചു. അവധി കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ ഐ.എം.ജി ഡയറക്ടറുടെ പദവിയിലിരുത്തി ആദ്യ ഒതുക്കലിന്റെ മുന്നറിയിപ്പ് നൽകി. ഓഖിയുമായി ബന്ധപ്പെട്ട് പ്രസ്താവന നടത്തിയെന്നും അനുമതിയില്ലാതെ പുസ്തകം എഴുതിയെന്നും ആരോപിച്ച് രണ്ടുവർഷം അച്ചടക്ക നടപടിയിൽ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഇതിനെതിരെ പോരാടിയാണ് സർവീസിൽ തിരിച്ചെത്തിയത്.