ബസ് ഉണ്ടായാലെന്താ ടാറിംഗ് നടക്കട്ടെ!

Monday 01 June 2020 12:09 AM IST
കുന്ദംമംഗലം അഗസ്ത്യമുഴി റോഡ് നവീകരണത്തിന്റെ ഭാഗമായി റോഡരികിൽ നിർത്തിയിട്ട ബസ്സിന് ചുറ്റും ടാർ ചെയ്ത നിലയിൽ

കുന്ദമംഗലം: ലോക്ക് ഡൗൺ ആയതിനാൽ വാഹനം കുറഞ്ഞ നേരം നോക്കി ടാറിംഗ് പൂർത്തിയാക്കണം. അതിനിടെ റോഡരികിൽ നിർത്തിയിട്ട ബസ്സൊക്കെ ആര് ശ്രദ്ധിക്കാൻ.. ? അല്ലെങ്കിലും റോഡിൽ ബസ്സുണ്ടെന്ന് കരുതി ടാറിംഗ് മുടക്കാമോ?. ബസ്സിന്റെ ടയർ വീതി ഒഴിവാക്കി ടാർ ചെയ്തു. ബാക്കി ബസ്സെടുത്തിട്ട് മതിയെന്ന മട്ടിൽ !!.

കുന്ദമംഗലം മുക്കം റോഡിൽ ചെത്തുകടവ് കയറ്റത്തിൽ കേസിൽ ഉൾപ്പെട്ട വാഹനങ്ങൾ തള്ളുന്ന ട്രഞ്ചിംഗ് യാർഡിന് മുമ്പിലാണ് ഈ കാഴ്ച. കുന്ദമംഗലം മുതൽ അഗസ്ത്യമുഴി വരെ റോഡ് നവീകരണം നടക്കുകയാണ്. റോഡിന് വീതിയും കൂട്ടുന്നുണ്ട്. റോഡരികിൽ ദീ‌ർഘനാളായി നിർത്തിയിട്ട സ്വകാര്യബസ് നീക്കാതെ ടാറിംഗ് നടത്തിയതോടെ റോഡിലേക്ക് കയറി നിൽക്കുന്നത് പോലെയാണ് ബസ്സുള്ളത്. കയറ്റവും വളവുമുള്ള ഭാഗത്ത് സ്വകാര്യബസ്സിന്റെ പാർക്കിംഗ് അപകടം വരുത്തുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.