അമ്മയെ കഴുത്തറുത്ത് കൊന്ന മകൻ ദൃശ്യങ്ങൾ വാട്സാപ്പിൽ അയച്ചു

Monday 01 June 2020 3:05 AM IST

കൊലപാതകകാരണം മദ്യവും ഭക്ഷണവും വാങ്ങിയതിനെച്ചൊല്ലിയുണ്ടായ തർക്കം

ചങ്ങനാശേരി : മദ്യത്തിന് അടിമയായ മകൻ അമ്മയെ കറിക്കത്തിക്ക് കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ദൃശ്യങ്ങൾ ഫാമിലി വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് അയച്ചു. ശനിയാഴ്ച രാത്രി 11 ഓടെയാണ് തൃക്കൊടിത്താനം അമര കന്യാക്കോണിൽ കുഞ്ഞന്നാമ്മ (55) ദാരുണമായി കൊല്ലപ്പെട്ടത്. അറസ്റ്റിലായ മകൻ നിതിൻ ബാബുവിനെ (27) ഇന്നലെ വീട്ടിലെത്തിച്ച് തെളിവെടുത്തു.

നിതിൻ പൊലീസിനോട് പറഞ്ഞത്:

ശനിയാഴ്ച രാത്രി മദ്യവും പൊറോട്ടയുമായി വന്നു. അത് ഇഷ്ടപ്പെടാതെ കുഞ്ഞന്നാമ്മ പൊറോട്ടയെടുത്തെറിഞ്ഞു. ഇതിനിടയിൽ ചുറ്റിക കൊണ്ട് കുഞ്ഞന്നാമ്മ തന്നെ മർദ്ദിച്ചശേഷം കറിക്കത്തികൊണ്ട് വെട്ടി. വേദന സഹിക്കാനാവാതെ കത്തി പിടിച്ചുവാങ്ങി താൻ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

മരിച്ചെന്നുറപ്പാക്കിയ ശേഷം അമ്മയുടെ സഹോദരനെ വിളിച്ചറിയിച്ചു. വീടിന്റെ ഗ്രില്ല് കുഞ്ഞന്നാമ്മ നേരത്തെ പൂട്ടി താക്കോൽ ഒളിപ്പിച്ചിരുന്നതിനാൽ നിതിന് പുറത്തു കടക്കാനായില്ല. ബന്ധുവാണ് പൊലീസിൽ വിവരം അറിയിച്ചത്. പൊലീസ് വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്യുമ്പോൾ മദ്യലഹരിയിലായിരുന്നു.

ഷാർജയിൽ ജോലി ചെയ്തിരുന്ന നിതിൻ മൂന്ന് മാസം മുമ്പാണ് നാട്ടിലെത്തിയത്. ഈ സമയത്ത് കുഞ്ഞന്നാമ്മയും നിതിനും തമ്മിൽ പണമിടപാടുമായി ബന്ധപ്പെട്ട് കലഹിച്ചിരുന്നു. 65 സെന്റ് വരുന്ന സ്ഥലത്തെ വീട്ടിൽ അമ്മയും മകനും മാത്രമാണ് താമസിച്ചിരുന്നത്. കുഞ്ഞന്നാമ്മ ഭർത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്നു. മറ്റൊരു മകൻ വിദേശത്താണ്.

 അയൽക്കാരോട് അകൽച്ച

പകലും വീട് പൂട്ടിയിടും

ബന്ധുക്കളോടും അയൽക്കാരോടും അകലം പാലിച്ചിരുന്ന ഇവർ പകൽപോലും വീട്ടിൽ കയറിയാൽ വാതിലുകളും അതിൽ പിടിപ്പിച്ചിട്ടുള്ള ഗ്രില്ലും താഴിട്ടു പൂട്ടിയിടുകയാണ് പതിവ്. സംഭവദിവസവും കുഞ്ഞന്നാമ്മ ഇതു പൂട്ടിയിരുന്നു. കുഞ്ഞന്നാമ്മയുടെ സംസ്‌കാരം നടത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കുഞ്ഞന്നാമ്മയുടെ തലയ്ക്ക് പിറകുവശത്തും കഴുത്തിന്റെ വലതു വശത്തുമാണ് ആഴത്തിൽ വെട്ടേറ്റിരിക്കുന്നത്. ശരീരത്ത് വലുതും ചെറുതുമായ നിരവധി മുറിവുകളുമുണ്ട്.