തിരക്കില്ലാതെ തിരുവല്ല, നൂതന ഗതാഗത പരിഷ്‌കാരങ്ങളായി, നഗരത്തിലെ യു ടേൺ ഒഴിവാക്കും  

Monday 01 June 2020 12:56 AM IST

തിരുവല്ല: ലോക്ക് ഡൗണിനെ തുടർന്ന് നഗരത്തിലെ കുരുക്കഴിഞ്ഞപ്പോൾ ഗതാഗത പരിഷ്‌ക്കാരങ്ങൾക്ക് വേഗതയേറി. കുരിശുകവല മുതൽ ദീപാ ജംഗ്ഷൻ വരെയുള്ള ഒരു കിലോമീറ്റർ ഭാഗം ഇരുമ്പ് ബാരിക്കേഡ് ഉപയോഗിച്ച് റോഡ് രണ്ടായി തിരിച്ചുള്ള പരിഷ്ക്കരണത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. പതിവാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി മാത്യു ടി.തോമസ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഗതാഗത ഉപദേശക സമിതി യോഗ തീരുമാനമനുസരിച്ചാണ് നടപടി. നഗരസഭയും പൊലീസ് വകുപ്പും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. കുരിശു കവലയ്ക്കും ദീപാ ജംഗ്ഷനിലുമിടയിൽ കുരിശു കവലയിലെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് സമീപവും കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന്റെ ഇരുവാതിലുകളുടെ ഭാഗത്തും മാത്രമാണ് ഇനി യു ടേൺ സാദ്ധ്യമാവുക. എടുത്തു മാറ്റാനാവാകാത്ത തരത്തിൽ ബാരിക്കേടുകൾ റോഡിൽ സ്ക്രൂ ചെയ്ത് ഉറപ്പിക്കുന്ന ജോലികൾ ഏതാണ്ട് പൂർത്തിയായി. രാത്രികാല യാത്രികർക്കുള്ള മുന്നറിയിപ്പിനായി ബാരിക്കേടുകളിൽ ഇടവിട്ട് റിഫ്ലക്ടിംഗ് ലൈറ്റുകൾ കൂടി സ്ഥാപിക്കും.

ഗതാഗതക്കുരുക്ക് പതിവാകുന്ന കുറ്റൂർ, തിരുമൂലപുരം, മുത്തൂർ, ഇടിഞ്ഞില്ലം എന്നീ ജംഗഷനുകളിലും ബാരിക്കേഡുകൾ സ്ഥാപിച്ച് വാഹന ഗതാഗതം നിയന്ത്രിക്കും.

1കിലോമീറ്റർ ദൂരത്തിൽ ബാരിക്കേട് സ്ഥാപിച്ചു

ബാരിക്കേഡുകളുടെ തുടർ പരിപാലനം ഉറപ്പാക്കുന്ന തരത്തിലുള്ള കരാർ പ്രകാരം സ്വകാര്യ സ്ഥാപനങ്ങൾക്ക് പരസ്യം പ്രദർശിപ്പിക്കുന്നതിനായി ബാരിക്കേഡുകൾ വിട്ടുനൽകും.

ആർ.ജയകുമാർ,

നഗരസഭ ചെയർമാൻ