ഡോ.ബിശ്വാസ് മേത്ത ഇന്ന് ചുമതലയേൽക്കും

Monday 01 June 2020 12:00 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയായി ആഭ്യന്തര,വിജിലൻസ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ.ബിശ്വാസ് മേത്ത ഇന്ന് രാവിലെ 10ന് ചുമതലയേൽക്കും. വിരമിക്കുന്ന ചീഫ് സെക്രട്ടറി ടോം ജോസ് ചുമതല കൈമാറും.

2021ഫെബ്രുവരി 28വരെയാണ് കാലാവധി. 1986ലാണ് ഐ.എ.എസ് ലഭിച്ചത്. തലേവർഷം ഐ.പി.എസ് നേടിയിരുന്നു. 1987ൽ മാനന്തവാടി സബ് കളക്ടറായാണ് തുടക്കം. ആരോഗ്യ, പൊതുവിദ്യാഭ്യാസ വകുപ്പുകളിൽ പ്രിൻസിപ്പൽ സെക്രട്ടറിയായും കേന്ദ്രത്തിൽ ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

97ൽ എം. ബി. എയും 2003ൽ പി.എച്ച്.ഡിയും നേടി. ഇന്നവേഷൻ ഇൻ ഹെൽത്ത് കെയർ മാനേജ് മെന്റ് എന്ന പുസ്തകം രചിച്ചു.

രാജസ്ഥാനിലെ ദുൻഗർപൂരിൽ 1961 ഫെബ്രുവരി 19ന് ജനിച്ച മേത്ത, പഞ്ചാബ് യൂണിവേഴ്സിറ്റിയിൽ നിന്ന് ജിയോളജിയിൽ ബി.എസ് സിയും എം.എസ്. സിയും സ്വർണമെഡലോടെ പാസായി. പ്രീതിമേത്തയാണ് ഭാര്യ. ഇക്ലാവി മേത്ത, ധ്രുവ് മേത്ത
എന്നിവർ മക്കൾ.

ഫയർ ഫോഴ്സ് ഡി.ജി.പിയായി
ആർ.ശ്രീലേഖ ചുമതലയേറ്റു

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ വനിതാ ഡി.ജി.പിയായി ആർ.ശ്രീലേഖ ചുമതലയേറ്റു. എ. ഹേമചന്ദ്രൻ വിരമിച്ച ഒഴിവിൽ ഫയർഫോഴ്സ് ഡി.ജി.പിയായാണ് ശ്രീലേഖ ഇന്നലെ ചുമതലയേറ്രെടുത്തത്.

നിലവിൽ ഗതാഗത കമ്മീഷണറായിരുന്നു. ഡിസംബർ വരെയാണ് ശ്രീലേഖയുടെ കാലാവധി..

1987 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥയായ ശ്രീലേഖ 1988ൽ കോട്ടയം എ.എസ്.പിയായാണ് സർവീസ് ആരംഭിക്കുന്നത്. ആലപ്പുഴ, തൃശൂർ, പത്തനംതിട്ട പൊലീസ് മേധാവിയായി സേവനം അനുഷ്ഠിച്ചു.

ക്രൈം ബ്രാഞ്ച് ഐ.ജി, വിജിലൻസ് ഡയറക്ടർ, ഇന്റലിജൻസ് എ.ഡി.ജി.പി, ജയിൽ മേധാവി, ഗതാഗത കമ്മീഷണർ, റബർ മാർക്കറ്റിംഗ്, റോഡ്സ് ആൻഡ് ബ്രിഡ്‌ജസ് കോർപറേഷൻ എം.ഡി എന്നീ പദവികളും ശ്രീലേഖ വഹിച്ചിട്ടുണ്ട്.