ബെവ് ക്യൂവിന്റെ സാങ്കേതിക പ്രശ്നം ഇന്ന് തീർന്നേക്കും
തിരുവനന്തപുരം: വെർച്വൽ ക്യൂ സംവിധാനം വഴി മദ്യം വാങ്ങുന്നതിനുള്ള ബെവ് ക്യൂ ആപ്പിന്റെ സാങ്കേതിക പിഴവുകൾ ഇന്നത്തോടെ പൂർണമായും പരിഹരിച്ചേക്കും. തിരക്ക് ഏറുമ്പോൾ ആപ്പ് പ്രവർത്തനരഹിതമാകുന്നതിന് പരിഹാരം കാണാനുള്ള പ്രവർത്തനങ്ങളാണ് ഇന്നലെയും ഇന്നുമായി നടക്കുന്നത്. ഇതുകൂടാതെ ആപ്പിൽ നിന്ന് ലഭിച്ച ടോക്കൺ പരിശോധിച്ച് ഉറപ്പിക്കാനുള്ള ക്യൂ ആർ കോഡ് സ്‌കാനിംഗ് സംവിധാനം മൂന്നാം ദിവസവും മദ്യശാലകൾക്ക് നൽകാൻ കഴിഞ്ഞിരുന്നില്ല. ഈ പ്രശ്നവും പരിഹരിക്കാൻ ഏൽപിച്ചിരിക്കുന്നത് ഫെയർകോഡിനെയാണ്. നാളത്തേക്കുള്ള ടോക്കൺ വിതരണം ഇന്ന് വൈകിട്ടോടെ ആരംഭിക്കാനാകുമെന്നാണ് കരുതുന്നതെന്ന് കമ്പനി വൃത്തങ്ങൾ പറഞ്ഞു.
അതേസമയം ക്ലബുകൾ വഴി മദ്യം പാഴ്‌സലായി നൽകാനുള്ള ഉത്തരവ് ഇന്നിറങ്ങിയേക്കും. ക്ലബിലെ അംഗങ്ങൾക്കു മാത്രമേ മദ്യം ലഭിക്കൂ. ആപ്പ് ടോക്കൺ ഇതിനാവശ്യമില്ല. പ്രതിരോധ കാന്റീനുകളിലെ മദ്യം വിൽക്കാൻ അനുമതി നൽകിയെങ്കിലും തുറന്നിട്ടില്ല.