വെല്ലുവിളികളിൽ പതറാത്ത ആത്മവിശ്വാസത്തോടെ

Monday 01 June 2020 1:18 AM IST

തിരുവനന്തപുരം: കൊവിഡ് മഹാമാരിയും ,രണ്ടര മാസത്തോളം നീണ്ട ലോക്ക് ഡൗണും സൃഷ്ടിച്ച ദുരിതങ്ങളുടെയും, സാമ്പത്തിക പ്രതിസന്ധിയുടെയും നടുവിലാണ് സംസ്ഥാനം. പിന്നാലെ വരുന്നു, മഴക്കാല

കെടുതികളുടെയും രോഗങ്ങളുടെയും ഭീഷണിയും. ഏറെ കരുതലും,ജാഗ്രതയും വേണ്ടി വരുന്ന നാളുകളാണ് മുന്നിൽ.പക്ഷേ, സംസ്ഥാനത്തിന്റെ പുതിയ ഉദ്യോഗസ്ഥഭരണത്തലവന് ഇതിൽ വേവലാതിയില്ല.

സർക്കാരിന്റെ പിന്തുണയും ,സഹപ്രവർത്തകരുടെ കൂട്ടായ്മയുമുണ്ടെങ്കിൽ എന്തും നേരിടാമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് ഇന്ന്പുതിയ ചീഫ് സെക്രട്ടറിയുടെ കസേരയിലെത്തുന്ന ഡോ..ബിശ്വാസ് മേത്ത

സാമ്പത്തിക ആസൂത്രമേഖലയിലെ ദീർഘനാളത്തെ പരിചയവും, കൊവിഡ് പ്രതിരോധത്തിൽ തുടക്കം മുതലുള്ള നേതൃപരമായ പങ്കാളിത്തവുമാണ് കൈമുതൽ.ജനപക്ഷത്തു നിന്നുള്ള സംസ്ഥാന സർക്കാരിന്റെ പക്വതയാർന്ന പ്രവർത്തനങ്ങളിലും, പ്രബുദ്ധരായകേരളത്തിലെ ജനങ്ങളിലും തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്ന് അദ്ദേഹം "കേരളകൗമുദി"യോട് പറഞ്ഞു.

വിദേശത്തും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും മലയാളികൾ കൂടതലായി വരുമ്പോഴാണ് കൊവിഡ് കേസുകൾ ഇവിടെ കൂടുന്നത്. പക്ഷേ,നമുക്കവരെ ഒഴിവാക്കാനാവില്ല. കൊവിഡ് ബാധിതരിൽ നിന്ന് രോഗം പരമാവധി മറ്റുള്ളവരിലേക്ക് പകരാതെ നോക്കുകയാണ് ഈ ഘട്ടത്തിലെ പ്രധാന വെല്ലുവിളി.

സാമൂഹ്യവ്യാപനം തടയുക.ഒപ്പം, പ്രായമേറിയവർ , ചെറിയ കുട്ടികൾ, പ്രതിരോധ ശക്തി കുറഞ്ഞവർക്ക് പ്രത്യേക കരുതലും. കേന്ദ്രസർക്കാരിന്റെ പുതിയ ലോക്ക് ഡൗൺ മാർഗ നിർദ്ദേശങ്ങൾക്കനുസൃതമായി കൂടുതൽ ഇളവുകളുടെ കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാവുമെന്ന്. അദ്ദേഹം വ്യക്തമാക്കി

മുമ്പ് വയനാട് ജില്ലാകളക്ടറായിരിക്കെസ ഭൂരഹിതർക്ക് ഭൂമി നൽകാൻ നടപടികളെടുത്ത മേത്ത, താനും ഒരു ഭവന രഹിതനാണെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞത് വാർത്തയായിരുന്നു ..തുടർന്നാണ്, അന്നത്തെ സർക്കാർ മുൻ കൈയെടുത്ത് ചുരുങ്ങിയ വിലയ്ക്ക് സർക്കാർ ഭൂമി നൽകി ഐ.എ.എസുകാർക്കായി ജഗതിയിൽ മില്ലെനിയം അപാർട്ട്മെന്റ് പണിതത്.