ചതിക്കല്ലേ മൺസൂണേ

Tuesday 02 June 2020 12:57 AM IST

മലപ്പുറം: വേനൽമഴ ജില്ലയെ കൈവിട്ടു,​ ഇനി മൺസൂണിലാണ് പ്രതീക്ഷ. വേനൽമഴയിൽ 26 ശതമാനത്തിന്റെ കുറവാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് ആകെ ഒമ്പത് ശതമാനം അധിക മഴ ലഭിച്ചപ്പോഴാണിത്. കഴിഞ്ഞ 10 ദിവസത്തിനിടയിലാണ് ജില്ലയിൽ മഴക്കുറവ് രൂക്ഷമായത്. 48.6 മില്ലീമീറ്റർ മഴ ലഭിക്കേണ്ടപ്പോൾ 12.9ൽ നിന്നു. പ്രതീക്ഷിച്ചതിനേക്കാൾ 73 ശതമാനത്തിന്റെ കുറവ്.

ആലപ്പുഴ, എറണാകുളം, കൊല്ലം, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം, വയനാട് ജില്ലകളിലാണ് അധികമഴ ലഭിച്ചത്. പത്തനംതിട്ടയിലും തിരുവനന്തപുരത്തും 70 ശതമാനത്തിന് മുകളിലാണിത്. മലപ്പുറത്തിനൊപ്പം കണ്ണൂർ, ഇടുക്കി, കാസർകോട്, കോഴിക്കോട്, പാലക്കാട്, തൃശൂർ ജില്ലകൾ വേനൽമഴയിൽ പിന്നിലായി.കോഴിക്കോട് എട്ട് ശതമാനത്തിന്റെയും പാലക്കാട് 34 ശതമാനത്തിന്റെയും കുറവാണുള്ളത്. ജില്ലയിൽ മാർച്ച് ഒന്നുമുതൽ ഇതുവരെ 273.9 മില്ലീമീറ്റർ മഴ പ്രതീക്ഷിച്ചപ്പോൾ ലഭിച്ചത് 201.6 മില്ലീമീറ്ററാണ്. ഏപ്രിലിൽ മഴ തീർത്തും മാറിനിന്നതാണ് ജില്ലയ്ക്ക് തിരിച്ചടിയായത്.

ആവ‌ർത്തിക്കരുതേ പ്രളയം

കഴിഞ്ഞ വർഷം ജൂണിൽ കാര്യമായ മഴ പെയ്തിരുന്നില്ല. ആദ്യ ആഴ്ച്ചയിൽ പ്രതീക്ഷിച്ചതിനേക്കാൾ 66 ശതമാനത്തിന്റെ കുറവുണ്ടായി. ജൂണിലും ജൂലൈയിലും ശരാശരി മഴയിൽ 40 ശതമാനത്തിന്റെ ഇടിവുണ്ടായി. ഇതിനെയെല്ലാം കവച്ചുവയ്ക്കും വിധത്തിൽ ആഗസ്റ്റിൽ പെരുമഴ പെയ്തപ്പോൾ ജില്ല പ്രളയ ദുരിതത്തിലായി. കവളപ്പാറയിലെ ഉരുൾപൊട്ടലിൽ 59 ജീവനുകൾ മണ്ണിനടിയിലായി. കഴിഞ്ഞ പ്രളയത്തിൽ ചാലിയാറിൽ അടിഞ്ഞു കൂടിയ മണലും ചെളിയും നീക്കം ചെയ്യുന്ന പ്രവൃത്തി ഇപ്പോഴും പൂർത്തിയായിട്ടില്ല. 1.72 ലക്ഷം മീറ്റർ ക്യൂബ് മണൽ വാരാൻ അനുമതിയേകിയെങ്കിലും ലോക്ക്ഡൗണിന് പിന്നാലെ തുടർപ്രവൃത്തികൾ നിലച്ചു. പ്രളയത്തിൽ രൂപപ്പെട്ട മണൽത്തിട്ടകൾ പുഴയുടെ ആഴം കുറക്കുന്നതിനൊപ്പം ചെറിയ വെള്ളപ്പെക്കമുണ്ടായാൽ പോലും നിറ‌ഞ്ഞുകവിയുന്ന സാഹചര്യമുണ്ടാക്കും.