ഇന്ന് സംസ്ഥാനത്ത് 57 പേർക്ക് കൊവിഡ്, 55 പേരും പുറത്തുനിന്നും എത്തിയവർ, രോഗമുക്തി നേടിയത് 18 പേർ

Monday 01 June 2020 6:11 PM IST

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 57 പേർക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. ഇതിൽ 55 പേരും പുറത്തുനിന്നും സംസ്ഥാനത്തേക്ക് എത്തിയവരാണ്. കാസർകോഡ്-14, മലപ്പുറം-14, തൃശൂർ-9, കൊല്ലം-5, പത്തനംതിട്ട-4, തിരുവനന്തപുരം-3 , എറണാകുളം-3, ആലപ്പുഴ-2, പാലക്കാട്-2, ഇടുക്കി-1 എന്നിങ്ങനെയാണ് ഇന്ന് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ. അതേസമയം 18 പേർ രോഗമുക്തി നേടിയിട്ടുമുണ്ട്.

27 പേ‌ർ വിദേശത്തുനിന്ന് സംസ്ഥാനത്തേക്ക് എത്തിയവരും 28 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരുമാണ്. രോഗം സ്ഥിരീകരിച്ചവരിൽ എയർ ഇന്ത്യ സ്റ്റാഫും മറ്റൊരാൾ ഹെൽത്ത് വർക്കറുമാണ്. മലപ്പുറത്ത് ഏഴു പേർക്കും, തിരുവനന്തപുരം, കോട്ടയം എന്നീ ജില്ലകളിൽ മൂന്ന് പേർക്ക് വീതവും, പത്തനംതിട്ട, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ ഒന്ന് വീതം ആൾക്കാർക്കും രോഗം ഭേദമായിട്ടുണ്ട്.

ഇതുവരെയുള്ള കണക്ക്പ്രകാരം സംസ്ഥാനത്ത് 1326 പേർക്കാണ് കൊവിഡ് രോഗബാധ ഉണ്ടായത്. അതിൽ 708 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 1,39, 661 പേരാണ് ഇപ്പോൾ കേരളത്തിൽ കൊവിഡ് നിരീക്ഷണത്തിലുള്ളത്. രോഗം ബാധിച്ച് സംസ്ഥാനത്ത് മരണപ്പെട്ടവർ 10 പേരാണ്. അതേസമയം വിദേശരാജ്യങ്ങളി വച്ച് മരണപ്പെട്ട മലയാളികളുടെ എണ്ണം 210 ആയി ഉയർന്നിട്ടുണ്ട്. വിദേശരാജ്യങ്ങളിലായി ഇന്ന് മരിച്ചവർ 10 പേരാണ്.

സംസ്ഥാനത്ത് അഞ്ച് പുതിയ ഹോട്സ്പോട്ടുകൾ കൂടി പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ ഹോട്സ്പോട്ടുകൾ പാലക്കാട്, കണ്ണൂർ ജില്ലകളിലാണ്. ഇതോടെ സംസ്ഥാനത്താകെയുള്ള ഹോട്ട്സ്പോട്ടുകളുടെ എണ്ണം 123 ആയി ഉയർന്നിട്ടുണ്ട്. മെയ് നാലിന് ശേഷമുള്ള 90 ശതമാനം രോഗികളും പുറത്തുനിന്നും വന്നവരാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഉറവിടമില്ലാത്ത കേസുകൾ സാമൂഹിക വ്യാപനം അല്ല. സംസ്ഥാനത്ത് സാമൂഹിക വ്യാപനമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നിയന്ത്രിത മേഖലകളിൽ കർഫ്യുവിനോട് സമാനമായ നിയന്ത്രണം ആവശ്യമുണ്ട്. ഇളവുകളുടെ കാര്യത്തിൽ കേന്ദ്രവുമായി സംസാരിച്ച് തീരുമാനമെടുക്കും. സംഘം ചേരാൻ തുടർന്നും അനുവദിക്കില്ല. ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹത്തിന് അനുമതി നൽകും. ഓഡിറ്റോറിയങ്ങളിലും വിവാഹം ആകാം. എന്നാൽ 50 പേർ മാത്രമേ ചടങ്ങിൽ പങ്കെടുക്കാൻ പാടുള്ളൂ. അതേസമയം വിദ്യാലയങ്ങൾ തുറക്കുന്നത് നീളുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അടുത്ത മാസമോ അതിനു ശേഷമോ മാത്രമാകും സ്‌കൂളുകൾ തുറക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.