ഭയപ്പെടേണ്ട, കുട്ടികൾക്ക് മുകളിലുണ്ട് ചൈൽഡ് ലൈനിന്റെ കണ്ണുകൾ

Tuesday 02 June 2020 12:02 AM IST

#ടോൾഫ്രീ നമ്പർ 1098

#ജില്ലാതലത്തിൽ 0495 2725777

കോഴിക്കോട്: ലോക്ക് ഡൗൺ കാലത്തും കണ്ണടയ്ക്കാതെ കുട്ടികളെ കാത്തുകൊള്ളുകയാണ് ജില്ലാ ചൈൽഡ് ലൈൻ. മുന്നിലെത്തുന്ന ഒരോ കേസുകളിലും കുറ്റവാളികൾക്ക് തക്കതായ ശിക്ഷ വാങ്ങി നൽകുന്നതിൽ ഇവർ കാണിക്കുന്ന ജാഗ്രത കുറ്റകൃത്യങ്ങൾ ഒരളവോളം കുറച്ചുകൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്. ലോക്ക് ഡൗണിൽ എല്ലാം നിശ്ചലമായപ്പോഴും കുട്ടികൾക്കുനേരെയുള്ള അതിക്രമം തടയാൻ ചൈൽഡ് ലൈൻ പ്രവർത്തക‌ർ കർമ്മനിരതരായിരുന്നു.

@ ലോക്കില്ലാത്ത അതിക്രമങ്ങൾ

കുട്ടികൾ കൂടുതലും ചൂഷണം ചെയ്യപ്പെടുന്നത് കുടുംബങ്ങളിൽ നിന്നാണെന്ന് ചൈൽഡ്‌ ലൈൻ പറയുന്നു. ലൈംഗിക പീഡനം, ശാരീരിക-മാനസിക പീഡനങ്ങൾ എന്നിവയെല്ലാം കുട്ടികൾ നേരിടേണ്ടി വരുന്നുണ്ട്. ലോക്ക് ഡൗൺ സമയത്തും കുട്ടികൾക്കെതിരായ അതിക്രമങ്ങൾക്ക് കുറവില്ലെന്നാണ് ചൈൽഡ്‌ ലൈനിന്റെ കണക്കുകൾ. എന്നാൽ മറ്റ് സമയങ്ങളെ അപേക്ഷിച്ച് കേസുകൾ കുറവാണ്. ലോക്ക് ഡൗണിന് മുമ്പ് മാസത്തിൽ 120 ഓളം കേസുകൾ റിപ്പോർട്ട് ചെയ്തിരുന്ന സ്ഥാനത്ത് 74 കേസായി കുറഞ്ഞു.

"ലോക്ക് ഡൗൺ കാലത്തെ പ്രതിസന്ധിക്കിടയിലും കേസുകളുടെ ഗൗരവം കണക്കിലെടുത്ത് കുട്ടികളുടെ വീടുകളിൽ പോയി അന്വേഷണം നടത്തുന്നു. കുട്ടികൾക്ക് കൗൺസിലിംഗ് അടക്കമുള്ള എല്ലാ സേവനങ്ങളും ലഭ്യമാക്കുന്നുണ്ട്.

മുഹമ്മദ് അഫ്‌സൽ,

ചൈൽഡ് ലൈൻ

കോഴിക്കോട് ജില്ലാ കോർഡിനേറ്റർ