കോഴിക്കോട്ട് പുതിയ പോസിറ്റീവ് കേസില്ല ആശ്വാസദിനം വീണ്ടും

Tuesday 02 June 2020 12:24 AM IST

കോഴിക്കോട്: ചെറിയൊരു ഇടവേളയ്ക്കു ശേഷം പുതിയ കൊവിഡ് കേസുകൾ ഒഴിഞ്ഞുനിന്നപ്പോൾ കോഴിക്കോടിന് ഇന്നലെ ആശ്വാസദിനം. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞുവന്ന തൃശൂർ സ്വദേശി രോഗമുക്തി നേടി. 66 കോഴിക്കോട്ടുകാർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 32 പേർ രോഗമുക്തരായി.

33 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 11 പേർ മെഡിക്കൽ കോളേജിലും 18 പേർ ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും മൂന്നു പേർ കണ്ണൂരിലും ഒരു വിമാന ജീവനക്കാരി മഞ്ചേരി മെഡിക്കൽ കോളേജിലുമാണുള്ളത്. മൂന്ന് കാസർകോട് സ്വദേശികളും ഒന്നുവീതം മലപ്പുറം കണ്ണൂർ സ്വദേശികൾ കോഴിക്കോട് മെഡിക്കൽ കോളേജിലും തൃശൂർ സ്വദേശി എം.വി.ആർ കാൻസർ സെന്ററിലും ചികിത്സയിലുണ്ട്. കണ്ണൂരിൽ നിന്ന് ആറ് പേരെ ഇന്നലെ മിംസ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ 65 സ്രവ സാമ്പിൾ പരിശോധനയ്‌ക്ക് അയച്ചു. 143 പേരുടെ ഫലം ലഭിക്കാനുണ്ട്.


 നിരീക്ഷണത്തിൽ 7788 പേർ
പുതുതായി 454 പേരുൾപ്പെടെ 7788 പേർ ജില്ലയിൽ നിരീക്ഷണത്തിലുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി. ജയശ്രീ അറിയിച്ചു. 30816 പേർ നിരീക്ഷണം പൂർത്തിയാക്കി. പുതുതായി വന്ന 18 പേരുൾപ്പെടെ 110 ആളുകൾ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. 80 പേർ മെഡിക്കൽ കോളേജിലും 30 പേർ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലുമാണ്.

2474 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. 597 പേർ കൊവിഡ് കെയർ സെന്ററുകളിലും 1849 പേർ വീടുകളിലും 28 പേർ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളിൽ നിരീക്ഷണത്തിലുള്ളവരിൽ 129 പേർ ഗർഭിണികളാണ്.

 പ്രതിരോധത്തിൽ മന്ത്രിയുടെ അവലോകനം
ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മന്ത്രി ടി.പി. രാമകൃഷ്ണൻ അവലോകനം ചെയ്‌തു. ജില്ലാ കളക്ടർ സാംബശിവ റാവു പ്രവർത്തനങ്ങൾ വിശദീകരിച്ചു. രോഗികൾക്കും നിരീക്ഷണത്തിൽ ഉള്ളവർക്കും നൽകുന്ന സൗകര്യങ്ങളെക്കുറിച്ച് അഡിഷണൽ ഡി.എം.ഒ ഡോ. ആശാദേവി വിശദീകരിച്ചു. ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. നവീൻ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഇ. ബിജോയ്, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രൻ, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ ഷാമിൻ സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു.


 വേണം വളണ്ടിയർമാരെ
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ജില്ലയിലെ വിവിധ സ്ഥലങ്ങളിലുള്ള നിരീക്ഷണ കേന്ദ്രങ്ങളിൽ വളണ്ടിയർമാരെ ആവശ്യമുണ്ട്. തുടര്‍ച്ചയായി 14 ദിവസത്തെ സേവനത്തിന് താത്പര്യമുള്ളവർ കൊവിഡ് 19 ജാഗ്രത പോർട്ടലിലോ (https://covid19jagratha.kerala.nic.in/home/addVolunteer) സന്നദ്ധം പോർട്ടലിലോ രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. രജിസ്റ്റർ ചെയ്ത വളണ്ടിയർമാർ സേവനം നൽകാൻ സന്നദ്ധരാണെങ്കിൽ https://forms.gle/UMnyfATWzvaaBY2r8 എന്ന ലിങ്കിൽ സന്ദർശിച്ച് ഗൂഗിൾ ഫോം പൂരിപ്പിച്ച് സമർപ്പിക്കണം.

ഇന്നലത്തെ കണക്കുകൾ ഇങ്ങനെ

 പുതുതായി നിരീക്ഷണത്തിലുള്ളവർ- 454

 ആകെ നിരീക്ഷണത്തിലുള്ളവർ- 7788

 നിരീക്ഷണം പൂർത്തിയാക്കിയവർ- 30816

 നിരീക്ഷണത്തിലുള്ള പ്രവാസികൾ- 2474

 ഇന്നലെ അയച്ച സ്രവ സാമ്പിൾ- 65