കാട്ടാനയെ കണ്ട് ഭയന്നോടിയ മെമ്പർക്കും സുഹ‌ൃത്തിനും വീണ് പരിക്ക് , റേ‍ഞ്ച് ഒാഫീസറെ നാട്ടുകാർ തടഞ്ഞുവച്ചു

Tuesday 02 June 2020 12:45 AM IST

ഇളമണ്ണൂർ: ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങിയതറിഞ്ഞെത്തിയ പഞ്ചായത്ത് മെമ്പറും സുഹൃത്തും ആനയുടെ മുന്നിൽപ്പെട്ടു. ഭയന്നോടിയ ഇരുവർക്കും വീണ് പരിക്കേറ്റു..

കലഞ്ഞൂർ ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡായ പൂമരുതിക്കുഴിയിൽ ഞായറാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. പന്ത്രണ്ടുമണിയോടെയാണ് ഇവിടെ കാട്ടാന ഇറങ്ങിയത്. ആളുകൾ സംഘടിച്ച് ആനയെ ഭയപ്പെടുത്തി ഒാടിച്ചു. വിവരമറിഞ്ഞ് വാർഡ് മെമ്പർ സജി റാവുത്തർ , സുഹൃത്ത് രാജേന്ദ്രൻ തോട്ടക്കടയോടൊപ്പം ബൈക്കിൽ സംഭവ സ്ഥലത്തേക്ക് തിരിച്ചു. കനത്ത മഴയിൽ ഇൗ ഭാഗത്തെ വൈദ്യുതി നിലച്ചിരിക്കുകയായിരുന്നു. റോഡരികിലെ പ്ളാവിന് ചുവട്ടിൽ നിന്ന ആനയുടെ മുന്നിലാണ് സജിയും രാജേന്ദ്രനും പെട്ടത്. ആന മുന്നോട്ട് കുതിച്ച് തുമ്പൈക്കൈ കൊണ്ട് ബൈക്ക് തട്ടി വീഴ്ത്തി. ബൈക്ക് ഉപേക്ഷിച്ച് സജിയും രാജേന്ദ്രനും ഒാടി. സമീപത്തെ മുള്ലുവേലിക്കിടയിലൂടെ ചാടിയ ഇരുവരും താഴ്ചയിലേക്ക് വീണു. കോൺക്രീറ്റ് റോഡിലെ പായലിൽ തെന്നിയതിനാൽ താഴേക്കിറങ്ങാൻ കഴിയാതെ ആന മടങ്ങി. ഒാടിക്കൂടിയ നാട്ടുകാർ ഗുരുതരമായി പരിക്കേറ്റ സജിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും രാജേന്ദ്രനെ കോന്നി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വിവരമറിഞ്ഞ് ഇന്നലെ ഡെപ്യൂട്ടി റേ‌ഞ്ച് ഓഫീസർ അനിൽ ബേബിയുടെ നേതൃത്വത്തിൽ വനപാലകർ സ്ഥലത്തെത്തിയപ്പോൾ നാട്ടുകാർ ഇവരെ തടഞ്ഞുവച്ചു. വന്യമൃഗശല്യത്തിന് പരിഹാരം വേണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം.

തുടർന്ന് കെ.യു.ജനീഷ് കുമാർ എം.എൽ.എയും ഡി.എഫ് ഒ കെ.എൻ.ശ്യാം മോഹൻലാലും സ്ഥലത്തെത്തി പ്രശ്നത്തിന് അടിയന്തര പരിഹാരം കാണാമെന്ന് ഉറപ്പുനൽകിയ ശേഷമാണ് നാട്ടുകാർ പിൻമാറിയത്. പാടം, പൂമരുതിക്കുഴി ഭാഗത്തെ കാട്ടാനശല്യത്തെക്കുറിച്ച് കേരളകൗമുദി നേരത്തെ വാർത്ത നൽകിയിരുന്നു..