വാഹന വിപണിയിൽ വീണ്ടും വില്പനയുടെ കാഹളം
കൊച്ചി: ലോക്ക്ഡൗൺ മൂലം ഏപ്രിലിൽ 'വട്ടപ്പൂജ്യം" വില്പന കുറിച്ച ആഭ്യന്തര വാഹന വിപണിയിൽ നിന്ന് മേയിൽ കേട്ടത് ഉണർവിന്റെ കാഹളം. ഏപ്രിലിലെ പൂജ്യത്തിൽ നിന്ന് മികച്ച വില്പനയുടെ ട്രാക്കിലേക്ക് ഏതാണ്ടെല്ലാ കമ്പനികളും കരകയറി. അതേസമയം, നിയന്ത്രണങ്ങൾ നിലനിന്നതിനാൽ, 2019 മേയ് മാസവുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞമാസത്തെ വില്പന നന്നേ കുറവാണ്. എങ്കിലും, 'പൂജ്യത്തിൽ" നിന്ന് കരകയറിയതിന്റെ ആശ്വാസം വാഹന വിപണിയിൽ ദൃശ്യമാണ്. വരും മാസങ്ങളിൽ വില്പന കൂടുതൽ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ.
കൊവിഡ് ഭീതിയും ലോക്ക്ഡൗണും മൂലം നിർമ്മാണ പ്ളാന്റുകളും ഷോറൂമുകളും അടച്ചിട്ടതാണ് ഏപ്രിലിലെ വില്പനയെ ബാധിച്ചത്. മേയിൽ, കടുത്ത സുരക്ഷാ മാനദണ്ഡങ്ങളോടെ പ്ലാന്റുകളും ഷോറൂമുകളും തുറക്കാൻ കേന്ദ്രം അനുവദിക്കുകയായിരുന്നു. ഒട്ടുമിക്ക കമ്പനികളും ഓൺലൈനിലൂടെയും ഉപഭോക്താക്കളെ കണ്ടെത്തി.
ടി.വി.എസ് മോട്ടോർ കമ്പനി 58,906 യൂണിറ്റുകളാണ് കഴിഞ്ഞമാസം വിറ്റഴിച്ചത്. ടൂ, ത്രീവീലറുകൾ ഇതിലുൾപ്പെടുന്നു. അശോക് ലെയ്‌ലാൻഡിന്റെ വില്പന മേയിൽ 89 ശതമാനം കുറഞ്ഞ് 1,420 യൂണിറ്റുകളാണ്. 2019 മേയിൽ വില്പന 13,172 യൂണിറ്റുകളായിരുന്നു. റോയൽ എൻഫീൽഡിന്റെ വില്പന 69 ശതമാനം താഴ്‌ന്ന് 19,113 യൂണിറ്റുകളായി. കഴിഞ്ഞവർഷം മേയിൽ 62,371 യൂണിറ്രുകൾ കമ്പനി വിറ്റഴിച്ചിരുന്നു. 83 ശതമാനമാണ് ഹീറോ മോട്ടോകോർപ്പിന്റെ നഷ്‌ടം. 6.52 ലക്ഷം യൂണിറ്രുകളിൽ നിന്ന് 1.12 ലക്ഷം യൂണിറ്റുകളായാണ് താഴ്‌ന്നത്.
അതേസമയം, ഗ്രാമീണ മേഖലയിൽ സമ്പദ്പ്രതിസന്ധി കുറയുന്നുവെന്ന് സൂചിപ്പിച്ച് മഹീന്ദ്ര ട്രാക്‌ടർ വില്പന രണ്ടു ശതമാനം ഉയർന്ന് 24,017 യൂണിറ്റുകളിലെത്തി. എന്നാൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര കഴിഞ്ഞമാസം കുറിച്ചത് 79 ശതമാനം നഷ്‌ടമാണ്. വില്പന ഇടിഞ്ഞത് 45,421 യൂണിറ്റുകളിൽ നിന്ന് 9,560 യൂണിറ്റുകളിലേക്ക്. ഹ്യുണ്ടായിയുടെ വില്പന നഷ്‌ടം 79 ശതമാനം. കഴിഞ്ഞമാസം കമ്പനി വിറ്രഴിച്ചത് 12,583 കാറുകൾ. 2019 മേയിൽ വില്പന 59,102 യൂണിറ്റുകളായിരുന്നു.
രാജ്യത്തെ ഏറ്റവും വലിയ കമ്പനിയായ മാരുതി സുസുക്കി കഴിഞ്ഞമാസം മൊത്തം 18,539 യൂണിറ്റുകൾ പുതുതായി നിരത്തിലെത്തിച്ചു. 2019 മേയിൽ വില്പന 1.34 ലക്ഷം യൂണിറ്രുകളായിരുന്നു. ആഭ്യന്തര വിപണിയിലെ വില്പന 13,888 യൂണിറ്റുകളാണ്. നഷ്‌ടം 88.93 ശതമാനമാണ്. കയറ്റുമതി 48.82 ശതമാനം താഴ്‌ന്ന് 4,651 യൂണിറ്റുകളിലെത്തി.