മംഗലം ഡാമിൽ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി
Tuesday 02 June 2020 12:27 AM IST
വടക്കഞ്ചേരി: മംഗലം ഡാമിൽ ഒഴുക്കിൽപ്പെട്ട ഒലിംകടവ് ഓട്ടുപാറ പൊന്താംകുഴി ഷാജുവിന്റെ മകൻ നിഖിലിന്റെ (24) മൃതദേഹം കണ്ടെത്തി. തിരച്ചിലിനിടെ ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
ശനിയാഴ്ച രാത്രി എട്ടരയോടു കൂടിയാണ് സുഹൃത്തുക്കൾക്കൊപ്പം മീൻ പിടിക്കാൻ പോയ നിഖിൽ ഒഴുക്കിൽപ്പെട്ടത്. ഞായറാഴ്ച വടക്കഞ്ചേരിയിൽ നിന്ന് ഫയർഫോഴ്സും പാലക്കാട് നിന്ന് മുങ്ങൽ വിദഗ്ദ്ധരും എത്തി വൈകിട്ട് വരെ തിരച്ചിൽ നടത്തിയെങ്കിലും നിഖിലിനെ കണ്ടെത്താനായില്ല. തിങ്കളാഴ്ച രാവിലെ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ നാട്ടുകാരാണ് മൃതദേഹം കണ്ടത്.
മംഗലം ഡാം പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആലത്തൂർ താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൊവിഡ് പരിശോധനയ്ക്ക് ശേഷം തുടർ നടപടി സ്വീകരിക്കും. സി.സി.ടി.വി കാമറ ടെക്നീഷ്യനാണ് മരിച്ച നിഖിൽ. അമ്മ: ഓമന. സഹോദരങ്ങൾ: നീതു, നിത്യ.