വിക്ടേഴ്സ് : ഉമ്മൻചാണ്ടിയ്ക്ക് മറുപടിയുമായി വി.എസ്
തിരുവനന്തപുരം: വിക്ടേഴ്സ് ചാനലുമായി ബന്ധപ്പെട്ട് ഉമ്മൻചാണ്ടിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി വി.എസ് അച്യുതാനന്ദൻ. ഉമ്മൻചാണ്ടിയുടെ പ്രസ്താവന തരംതാണതാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പേജിൽ കുറിച്ചു. 2005ൽ എൽ.ഡി.എഫിന്റെ എതിർപ്പിനെ മറികടന്ന് യു.ഡി.എഫ് സർക്കാർ തുടങ്ങിയതാണ് വിക്ടേഴ്സ് ചാനലെന്നും അന്ന് എതിർത്തവർക്ക് ഇപ്പോൾ ചാനലിനെ ആശ്രയിക്കേണ്ടിവന്നെന്നും ഉമ്മൻചാണ്ടി പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയാണ് വി.എസിന്റെ കുറിപ്പ്.
ഐ.ടി അറ്റ് സ്‌കൂളെന്ന ആശയം രൂപപ്പെടുന്നത് നായനാർ സർക്കാരിന്റെ കാലത്ത് പ്രൊഫ.യു.ആർ റാവു അദ്ധ്യക്ഷനായ കർമ്മസമിതിയുടെ റിപ്പോർട്ടിനെ തുടർന്നാണ്. വിക്ടേഴ്‌സ് ചാനലിന്റെ ഉദ്ഘാടനം നിർവഹിച്ചത് 2006 ഓഗസ്റ്റിൽ താനായിരുന്നു. എട്ടുകാലി മമ്മൂഞ്ഞിനെപ്പോലെ അതിന്റെ ആള് ഞാനാണെന്ന് വിളിച്ചുപറയുകയല്ല വേണ്ടത്. കൊവിഡ് പ്രതിരോധത്തിൽ സർക്കാരിന് ലഭിക്കുന്ന പൊതുജന അംഗീകാരം ഉമ്മൻചാണ്ടിയെ അസ്വസ്ഥനാക്കുന്നുണ്ടാവാം- വി.എസ് കുറിച്ചു.