ഉത്ര വധം: സ്വത്തിന്റെ കണക്കെടുപ്പ് തുടങ്ങി
കൊല്ലം: ഉത്ര വധക്കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം ഉത്രയുടെയും സൂരജിന്റെയും സ്വത്ത് വിവരങ്ങളുടെ കണക്കെടുപ്പു തുടങ്ങി. ഉത്രയ്ക്ക് വീട്ടുകാർ നൽകിയ സ്വർണം, പണം, കാർ, സൂരജിന്റെ സ്വത്തുവിവരങ്ങൾ തുടങ്ങിയവയാണ് ശേഖരിക്കുന്നത്. സ്വർണം സൂക്ഷിച്ചിരുന്ന സ്വകാര്യ ബാങ്ക് ലോക്കർ മൂന്നു തവണ സൂരജ് തുറന്നതായി കണ്ടെത്തി. ബാക്കിയുള്ള സ്വർണത്തിന്റെ ഇനം തിരിച്ചുള്ള വിവരം സ്വകാര്യ ബാങ്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്രയുടെ കൊലപാതകം നടക്കുന്നതിന് ഒരാഴ്ച മുൻപ് സൂരജ് സ്വർണം പണയം വച്ചതായും കണ്ടെത്തിയിട്ടുണ്ട്. സ്വർണവും പണവും മറ്റാർക്കെങ്കിലും നൽകിയിട്ടുണ്ടോയെന്നും പരിശോധിക്കും. ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം ഉത്രയുടെ വീട്ടുകാർക്ക് നൽകിയതായി സൂരജ് പൊലീസിനോട് പറഞ്ഞിരുന്നത് ശരിയല്ലെന്ന് ബോദ്ധ്യപ്പെട്ടു. സ്വർണം മറ്റാർക്കെങ്കിലും എടുത്തുകൊടുത്തിട്ടുണ്ടാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. സൂരജ് ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനത്തിലെ ചിലരുമായി സാമ്പത്തിക ഇടപാടുള്ളതായി സൂചന കിട്ടിയിട്ടുണ്ട്.
''സൂരജിന്റെ മാതാപിതാക്കളെയും സഹോദരിയെയും ചോദ്യം ചെയ്ത ശേഷം സൂരജിനെ വീണ്ടും ചോദ്യം ചെയ്യും.
ഹരിശങ്കർ
റൂറൽ എസ്.പി