ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടിയ കൊലക്കേസ് പ്രതി അറസ്റ്റിൽ

Tuesday 02 June 2020 12:33 AM IST

കൊച്ചി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചു ജാമ്യംനേടിയ പ്രതി എറണാകുളം കുമ്പളം സഫർമൻസിലിൽ സഫർ ഷായെ (32) പൊലീസ് അറസ്റ്റുചെയ്തു. പ്രതി തട്ടിപ്പിലൂടെയാണ് ജാമ്യം നേടിയതെന്ന് വിലയിരുത്തി ഇയാളെ ഉടൻ അറസ്റ്റുചെയ്യാൻ ഇന്നലെ സിംഗിൾബെഞ്ച് നിർദേശം നൽകിയിരുന്നു. തുടർന്നാണ് എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റുചെയ്തത്.

സ്കൂൾ വിദ്യാർത്ഥിനിയെ പ്രണയംനടിച്ച് ജനുവരി ഏഴിനാണ് പ്രതി വാൽപ്പാറയിൽ കൊണ്ടുപോയി കൊലപ്പെടുത്തിയത്. അടുത്തദിവസം ഇയാളെ അറസ്റ്റുചെയ്തു. ഏപ്രിൽ ഒന്നിന് കുറ്റപത്രവും നൽകി. എന്നാൽ 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നൽകാത്തതിനാൽ തനിക്ക് സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇയാൾ ഹൈക്കോടതിയെ സമീപിച്ചു. പ്രതിയുടെ വാദത്തെ പബ്ളിക് പ്രോസിക്യൂട്ടർ എതിർത്തില്ല. മേയ് 12ന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.

എന്നാൽ സംഭവം വിവാദമായതോടെ ജാമ്യഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഇതേബെഞ്ചിൽ ഹർജി നൽകി. കുറ്റപത്രം നൽകിയ വിവരം അറിയിക്കാതിരുന്നത് പബ്ളിക് പ്രോസിക്യൂട്ടറുടെ മന:പൂർവമല്ലാത്ത വീഴ്ചയാണെന്നും സർക്കാർ വാദിച്ചു.

ഇതു പരിഗണിച്ചാണ് പ്രതിയെ അറസ്റ്റുചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടത്. പ്രതി തട്ടിപ്പിലൂടെയാണ് ജാമ്യം നേടിയതെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമായ സാഹചര്യത്തിൽ സർക്കാരിന്റെ പുനഃപരിശോധന ഹർജിയിൽ തീരുമാനമെടുക്കുന്നതിന് മുമ്പ് ഇയാളെ നിയമപ്രകാരം അറസ്റ്റുചെയ്യണമെന്നായിരുന്നു ഉത്തരവ്.

കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് ഹർജിക്കാരന്റെ അഭിഭാഷകൻ നിരുപാധികം മാപ്പ് അപേക്ഷിച്ചെങ്കിലും ഇക്കാര്യങ്ങൾ ഹർജിയിൽ അന്തിമവാദം കേൾക്കുന്ന സമയത്ത് പരിഗണിക്കാമെന്ന് വ്യക്തമാക്കി പുനഃപരിശോധനാ ഹർജി ജൂൺ മൂന്നിലേക്ക് മാറ്റി.