പിന്നാക്ക വികസന കോർപ്പറേഷന് 650 കോടിയുടെ വായ്പാ പദ്ധതികൾ

Tuesday 02 June 2020 12:40 AM IST

തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന പിന്നാക്ക വികസന കോർപ്പറേഷൻ 650കോടിയുടെ വായ്പാപദ്ധതികൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും, മന്ത്രി എ.കെ. ബാലനും അറിയിച്ചു.ലോക്ക് ഡൗൺ കാരണം വരുമാനമില്ലാതായ സംരംഭകർക്ക് അവ പുനരാരംഭിക്കാൻ 5 ലക്ഷം രൂപ വരെ ആറ് ശതമാനം വാർഷിക പലിശനിരക്കിൽ മൂലധനവായ്പ അനുവദിക്കും. കോർപ്പറേഷനിൽ നിന്ന് സ്വയംതൊഴിൽ വായ്പയെടുത്തവർക്കും ലഭിക്കും. ഈ സാമ്പത്തിക വർഷത്തിൽ 100 കോടി ഇതിലേക്ക് വകയിരുത്തി.'സുഭിക്ഷ കേരളം'പദ്ധതിയിൽ ഒ.ബി.സി വനിതാ സംരംഭകർക്ക് വീടുകളിലും പരിസരങ്ങളിലും കൃഷി, മത്സ്യം വളർത്തൽ, പശു, ആട് വളർത്തൽ, പൗൾട്രി ഫാം എന്നിവയ്ക്ക് 2 ലക്ഷം വരെ അഞ്ചു ശതമാനം വാർഷിക പലിശ നിരക്കിൽ വായ്പ ലഭ്യമാക്കും.കാലതാമസമില്ലാതെ പദ്ധതികൾ നടപ്പാക്കാനാവുമെന്ന് മന്ത്രി ബാലൻ അറിയിച്ചു.