വി-ഗാർഡിന്റെ ലാഭത്തിൽ 12 ശതമാനം വർദ്ധന

Wednesday 03 June 2020 3:49 AM IST

കൊച്ചി: പ്രമുഖ കൺസ്യൂമർ ഇലക്‌ട്രിക്കൽ-ഇലക്‌ട്രോണിക്‌സ് കമ്പനിയായ വി-ഗാർഡ് ഇൻഡസ്‌ട്രീസ് കഴിഞ്ഞ സാമ്പത്തിക വർഷം (2019-20) പന്ത്രണ്ട് ശതമാനം വളർച്ചയോടെ 188.25 കോടി രൂപയുടെ ലാഭം നേടി. 2018-19ൽ ലാഭം 168 കോടി രൂപയായിരുന്നു. പ്രവർത്തന വരുമാനം 2,594 കോടി രൂപയിൽ നിന്ന് 3.5 ശതമാനം കുറഞ്ഞ് 2,502.94 കോടി രൂപയായി.

കനത്ത വെല്ലുവിളി നിറഞ്ഞ വർഷമാണ് കടന്നുപോയതെന്ന് മാനേജിംഗ് ഡയറക്‌ടർ മിഥുൻ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു. ആദ്യ ഒമ്പതുമാസക്കാലത്ത് മാന്ദ്യം മൂലം പ്രതിസന്ധി നേരിട്ടിരുന്നു. അവസാനപാദത്തിൽ ലോക്ക്ഡൗണും തിരിച്ചടിയായി. ഏതാനും മാസം കൂടി ഈ സ്ഥിതി തുടർന്നേക്കും. പ്രതിസന്ധിക്കിടയിലും ലാഭം ഉയർത്താൻ കഴിഞ്ഞവർഷം കമ്പനിക്ക് കഴിഞ്ഞു. പ്രതിസന്ധി നേരിടാൻ ശക്തമായ ബാലൻസ് ഷീറ്റ് കമ്പനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അവസാനപാദമായ ജനുവരി-മാർച്ചിൽ ലോക്ക്ഡൗൺ മൂലം പ്രവർത്തന വരുമാനം 745.78 കോടി രൂപയിൽ നിന്ന് 541.14 കോടി രൂപയായി കുറഞ്ഞു. ഇടിവ് 27.45 ശതമാനം. ലാഭം 32.23 കോടി രൂപ. ഇടിവ് 47.45 ശതമാനം. 2018-19ലെ സമാനപാദത്തിൽ ലാഭം 61.39 കോടി രൂപയായിരുന്നു.