സംസ്ഥാനത്ത് 86 പേർക്ക് കൊവിഡ് : ഒരു മരണം കൂടി,​ തലസ്ഥാനത്ത് മരിച്ചത് വൈദികൻ

Wednesday 03 June 2020 12:00 AM IST

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 86 പേർക്ക് കൊവിഡ് ബാധ സ്ഥിരീരിച്ചു. ഒരു ദിവസം രോഗംബാധിക്കുന്നവരുടെ ഏറ്റവും ഉയർന്ന നിരക്കാണിതെന്ന് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. അതേസമയം കൊവിഡ് ബാധിച്ച് തിരുവനന്തപുരത്ത് ഒരാൾ മരിച്ചു. നാലാഞ്ചിറ സ്വദേശിയായ റവ. ഫാ. കെ.ജി. വർഗീസാണ് (77) മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് മരണം 11 ആയി.

ഏപ്രിൽ 20ന് ബൈക്കപകടത്തെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയ ഫാ. കെ.ജി. വർഗീസ് ഇന്നലെ പുലർച്ചെയാണ് മരിച്ചത്. ഉച്ചയ്ക്ക് ഫലം വന്നതോടെയാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഉറവിടം വ്യക്തമല്ല. ഇന്നലെ രോഗം ബാധിച്ചവരിൽ 46 പേർ വിദേശത്ത് നിന്നും (കുവൈറ്റ്-21, യു.എ.ഇ-.16, സൗദി അറേബ്യ-6, മാലിദ്വീപ്-1, ഖത്തർ1, ഒമാൻ-1),26 പേർ ഇതര സംസ്ഥാനങ്ങളിൽ (മഹാരാഷ്ട്ര-9, തമിഴ്‌നാട്-7, കർണാടക-5, ഡൽഹി-3, ഗുജറാത്ത്-1, രാജസ്ഥാൻ-1) നിന്നും വന്നതാണ്. 12 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. വയനാട് 6 പേർക്കും മലപ്പുറത്ത് 4 പേർക്കും കാസർകോടും കണ്ണൂരും ഓരോരുത്തർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. പാലക്കാട് ഒരു ആരോഗ്യ പ്രവർത്തകയ്ക്കും രോഗം ബാധിച്ചു. 19 പേരുടെ പരിശോധനാഫലം നെഗറ്റീവായി.

ആകെ രോഗബാധിതർ -1412

ചികിത്സയിലുള്ളവർ -774

രോഗുമുക്തർ - 627

ഒരു ഹോട്ട്

സ്‌പോട്ട് കൂടി

മലപ്പുറം - ആനക്കയമാണ് പുതിയ ഹോട്ട് സ്‌പോട്ട്. ആകെ 122 ഹോട്ട്‌സ്‌പോട്ട്