ഇന്ന് ലോക സൈക്കിൾ ദിനം- സൈക്കിളിലേറി, വേണുവിന്റെ സിനിമാസവാരി
കൊച്ചി: സൈക്കിൾ ചവിട്ടി കൊച്ചിക്കാരൻ വേണു കയറിച്ചെന്നത് വെള്ളിത്തിരയിലേക്ക്! അതെങ്ങനെയെന്നു ചോദിച്ചാൽ വേണുവിന്റെ രൂപകല്പനയിൽ പിറക്കുന്നത് വെറും സൈക്കിളല്ല, കണ്ടാൽ അന്തിച്ചുപോകുന്ന സംഭവങ്ങൾ! സിനിമയിൽ സൂപ്പർ സ്റ്റാറുകൾക്ക് കയറി വിലസാൻ സ്റ്റാർവാല്യു ഉള്ള സൈക്കിൾ വേണ്ടിവരുമ്പോൾ കലാസംവിധായകരുടെ അന്വേഷണം ഇവിടെ വന്നു ബ്രേക്കിടും: ബി. വേണു, ജി.വി.പി സൈക്കിൾ വർക്ക്ഷോപ്പ്, പാണ്ടിക്കുഴി...
'ഹാപ്പി ഹസ്ബൻഡ്സ്' എന്ന സിനിമയ്‌ക്കു വേണ്ടി വേണു നിർമ്മിച്ചത് ആറുപേർക്കിരുന്ന് ചവിട്ടാവുന്ന നീളൻ സൈക്കിളാണ്. ദിലീപ് നായകനായ 'ശൃംഗാരവേലനു' വേണ്ടി, മടക്കി ബാഗിനുള്ളിൽ വയ്ക്കാവുന്ന ബൈക്ക്, 'യുഗപുരുഷൻ' സിനിമയ്ക്കായി ഒരുക്കിയ, ശ്രീനാരായണ ഗുരുവിന്റെ റിക്ഷാവണ്ടി... ഇങ്ങനെ ഇരുചക്രത്തിന്റെ നിരവധി വിസ്മയരൂപങ്ങൾ സിനിമയ്ക്കായി നിർമ്മിച്ചുനൽകിയിട്ടുണ്ട് വേണു. നാല്പതു വർഷമായി സൈക്കിളിന്റെ യന്ത്രമനസ്സറിയുന്ന വേണു ഈ സൈക്കിൾ ദിനത്തിലും നാലാംതലമുറയ്ക്കായുള്ള സൈക്കിൾ നിർമ്മാണത്തിരക്കിൽ!
അച്ഛൻ വേലായുധനും ജ്യേഷ്ഠൻ ശശീന്ദ്രനുമൊപ്പം 1980- ൽ പതിനഞ്ചാം വയസിലാണ് വേണു സൈക്കിളുകളുടെ ലോകത്തെത്തുന്നത്. ചെറുപരീക്ഷണങ്ങൾ അദ്ഭുതനിർമ്മിതികളിലേക്കു വളർന്നു. ആരും കണ്ടിട്ടില്ലാത്ത സൈക്കിളുകളായിരുന്നു വേണുവിന്റെ മനസ്സിൽ. കിടന്ന് ചവിട്ടാവുന്നത്, കത്രിക പോലെ മടങ്ങുന്നത്... അങ്ങനെ ഇരുപതോളം വിചിത്ര സൈക്കിളുകൾ നിർമ്മിച്ച് വേണു ലോകത്തെ ഞെട്ടിച്ചു.
മടക്കി ബാഗിൽ വയ്ക്കാവുന്ന ബൈക്ക് 2007ൽ രാഷ്ട്രപതിയുടെ അവാർഡ് പരിഗണനാ പട്ടികയിൽ ഇടംപിടിച്ചു. ഇതാണ് പിന്നീട് 'ശൃംഗാരവേലനി'ൽ ഉപയോഗിച്ചത്. ഭാര്യ ബിന്ദു, മക്കളായ അശ്വതി, അനശ്വര എന്നിവർക്കൊപ്പം മട്ടാഞ്ചേരിയിലാണ് താമസം. കൊച്ചിൻ കാർണിവലിൽ പ്ലോട്ട് അവതരണത്തിൽ 18 വർഷത്തിൽ 14 തവണയും ഒന്നാംസ്ഥാനം നേടിയത് വേണുവിന്റെ കീഴിലുള്ള ടീം.
ലാലേട്ടൻ നൽകിയ സന്തോഷം
'ഹരിഹരൻപിള്ള ഹാപ്പിയാണ്' എന്ന ചിത്രത്തിൽ മോഹൻലാൽ ഉപയോഗിച്ച സൈക്കിളാണ് വെള്ളിവെളിച്ചം കണ്ട വേണുവിന്റെ ആദ്യസൈക്കിൾ. 'യുഗപുരുഷനി'ലെ റിക്ഷാവണ്ടി കണ്ട് മോഹൻലാൽ വേണുവിനെ വിളിച്ചു: ചെന്നൈയിലെ വീട്ടിൽ സൂക്ഷിക്കാൻ സ്റ്റെയിൻലെസ് സ്റ്റീലിൽ അത്തരമൊരു റിക്ഷ വേണം. പ്രിയപ്പെട്ടവർക്ക് സമ്മാനമായും മോഹൻലാൽ വേണു നിർമ്മിച്ച സൈക്കിളുകൾ കൊണ്ടുപോയിട്ടുണ്ട്. വേണു ഒരാഗ്രഹമേ പറഞ്ഞുള്ളൂ: ഒപ്പം നിന്ന് ഫോട്ടോയെടുക്കണം! അത്രയേയുള്ളോ- ലാൽ തന്നെ ഓടിപ്പോയി കാമറാമാനെ വിളിച്ചുകൊണ്ടുവന്നത് വേണുവിന്റെ അഭിമാന നിമിഷങ്ങളിലൊന്ന്.