നിയന്ത്രണം വിട്ട ആംബുലൻസ് മതിലിലിടിച്ച് നഴ്സിന് ദാരുണാന്ത്യം

Wednesday 03 June 2020 12:31 AM IST

വടക്കാഞ്ചേരി: നിയന്ത്രണം വിട്ട ആംബുലൻസ് മതിലിടിച്ച് മറിഞ്ഞ് നഴ്‌സ് മരിച്ചു. പാലക്കാട് കണ്ണാടി പാലന ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായ കോട്ടയം വാകത്താനം വട്ടക്കുളത്തിൽ വീട്ടിൽ ജിബുമോൻ വി.കുര്യാക്കോസ് (32) ആണ് മരിച്ചത്. പാലന ആശുപത്രിയുടെ ആംബുലൻസാണ് ഇന്നലെ രാവിലെ 11 ഓടെ

വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപം സംസ്ഥാന പാതയിൽ അപകടത്തിൽപ്പെട്ടത്. ബൈക്കപകടത്തിൽ പരിക്കേറ്റ പാലക്കാട് സ്വദേശിനി സീതയെ (40) മുളങ്കുന്നത്തുകാവ്‌ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് ആംബുലൻസ് അപകടത്തിൽപ്പെട്ടത്.

മറ്റൊരു വാഹനത്തെ മറികടക്കുമ്പോൾ നിയന്ത്രണം വിട്ട ആംബുലൻസ് സമീപത്തെ ഗോഡൗണിന്റെ മതിലിൽ ഇടിച്ച് മറിയുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ആംബുലൻസ് ഇടിച്ച് കരിങ്കൽ മതിൽ തകർന്നു. ആംബുലൻസിൽ നിന്നും പുറത്തേക്ക് തെറിച്ചുവീണ ജിബു സംഭവസ്ഥലത്ത് തന്നെ മരിച്ചു

ആംബുലൻസിൽ ഉണ്ടായിരുന്ന ഉണ്ണിക്കൃഷ്ണൻ (28), റെജികുമാർ (26), അനിത (22), ഷിജു (27) എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.