ആരാധനാലയങ്ങള്‍ തിങ്കളാഴ്ച മുതല്‍ തുറക്കാൻ തീരുമാനം; ജനങ്ങള്‍ സ്വയം നിയന്ത്രിക്കണമെന്ന് ചീഫ്സെക്രട്ടറി

Wednesday 03 June 2020 9:10 AM IST

തിരുവനന്തപുരം: ആരാധനാലയങ്ങള്‍ തിങ്കളാഴ്ച മുതല്‍ തുറക്കാനാണ് സംസ്ഥാന സര്‍ക്കാർ തീരുമാനമെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത പറഞ്ഞു. ഒരേസമയം പ്രവേശനം അനുവദിക്കുന്ന വിശ്വാസികളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. ഉത്സവങ്ങള്‍ പോലുള്ള ആഘോഷങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും അദേഹം പറഞ്ഞു. ഇത് സംബന്ധിച്ച സംസ്ഥാന സർക്കാർ ശുപാര്‍ശ ഉടന്‍ കേന്ദ്രത്തിന് സമര്‍പ്പിക്കും.

ആരാധനാലയങ്ങള്‍ തുറന്നാലും രോഗവ്യാപനം ഉണ്ടാകാതിരിക്കാന്‍ ജനങ്ങള്‍ സ്വയം നിയന്ത്രിക്കണമെന്നും സമൂഹം അതിന് പ്രാപ്തരായെന്നാണ് വിശ്വാസമെന്നും അദേഹം പറഞ്ഞു. ആരാധാനാലയങ്ങൾ തുറക്കുന്നത് സംബന്ധിച്ച് മതമേലദ്ധ്യക്ഷൻമാരുമായി മുഖ്യമന്ത്രി നാളെയാണ് ചർച്ച നടത്തുന്നത്. ചർച്ചയിൽ നിന്ന് ലഭിക്കുന്ന നിർദേശങ്ങൾ അനുസരിച്ചായിരിക്കും സംസ്ഥാനം കേന്ദ്രത്തിന് അന്തിമ റിപ്പോർട്ട് കൈമാറുക.