കുവൈറ്റിൽ ശമ്പളം പകുതിയാക്കും, മലയാളി പ്രവാസികളുടെ നില പരുങ്ങലിൽ

Wednesday 03 June 2020 4:31 PM IST

കുവൈറ്റ് സിറ്റി: കൊവിഡ് 19 വ്യാപനത്തോടെ പ്രതിസന്ധിയിലായ വ്യാവസായിക ലോകത്തെ സംരക്ഷിക്കാൻ കുവൈറ്റിൽ തൊഴിലാളികളുടെ വേതനം വെട്ടിക്കുറക്കുന്നു. സ്വകാര്യ കമ്പനികളിൽ ഇനി നിലവിലെ ശമ്പളത്തിന്റെ പകുതി കൊടുത്താൽ മതിയാകുമെന്നാണ് ഭരണാധികാരികൾ പറയുന്നത്. ലക്ഷക്കണക്കിന് പ്രവാസി മലയാളികളുടെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്നതാണ് പുതിയ നീക്കം.സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കാൻ കമ്പനികൾക്ക് അനുമതി നൽകി തൊഴിൽ നിയമത്തിൽ ഭേദഗതി കൊണ്ടുവന്നതായാണ് വിവരം.

മാർച്ച് മാസം മുതൽ പ്രവർത്തനം നിലച്ച കമ്പനികൾ വീണ്ടും തുടങ്ങാൻ ഇത് പ്രേരണയാകും. അതേസമയം ഈ ജോലിയെ മാത്രം ആശ്രയിച്ച് നാട്ടിൽ വായ്പയെടുത്ത മലയാളികളുടെ കുടുംബ ബഡ്ജറ്റിനെ പോലും താളം തെറ്റിക്കുമെന്നാണ് ആശങ്ക.ഭേദഗതി പാർലമെന്റിന്റെ ധനകാര്യ സമിതിയുടെ പരിഗണനക്ക് വിട്ടു. കുറഞ്ഞ കൂലി എത്രയെന്ന് മന്ത്രിസഭ തീരുമാനിക്കും. വളരെ തുച്ഛമായ വേതനക്കാർക്ക് ഇളവ് നൽകിയേക്കുമെന്നാണ് പ്രതീക്ഷ. വേതനം നൽകുമ്പോൾ ജോലി ചെയ്ത മണിക്കൂറുകൾ കണക്കാക്കണമെന്നും നിർദ്ദേശമുണ്ട്.