ഉത്രയുടെ കൊലപാതകം- ഡെക്ക് ബാങ്ക് ലോക്കറിൽ 10 പവൻ മാത്രം

Thursday 04 June 2020 12:24 AM IST

അടൂർ : ഭർത്താവ് സൂരജ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊലപ്പെടുത്തിയ കേസിൽ ഉത്രയുടെ ബാക്കി സ്വർണം ഫെഡറൽ ബാങ്കിന്റെ അടൂർ ശാഖയിലെ ലോക്കറിൽ നിന്നെടുത്ത് അന്വേഷണസംഘം പരിശോധിച്ചു. പത്തു പവനേ ഉണ്ടായിരുന്നുള്ളൂ. 38 പവൻ സൂരജിന്റെ വീട്ടുകാർ പറമ്പിൽ കുഴിച്ചിട്ടത് കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു.

ഒരു ലക്ഷം രൂപയുടെ കാർഷിക വായ്പയെടുക്കാൻ സൂരജ് ഇവിടെ പണയംവച്ച ആറ് പവൻ സ്വർണവും പരിശോധിച്ചു. 98 പവനാണ് മാതാപിതാക്കൾ ഉത്രയ്ക്ക് വിവാഹ വേളയിൽ നൽകിയത്. കുഞ്ഞിന്റെ ഇരുപത്തിയെട്ടുകെട്ടിന് പത്ത് പവനും നൽകി. ബാക്കി സ്വർണം കണ്ടെത്താൻ അന്വേഷണം തുടരുമെന്ന് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അശോകൻ പറഞ്ഞു.

ഇന്നലെ ഉച്ചയ്ക്ക് 12.45ന് തുടങ്ങിയ തെളിവെടുപ്പ് മൂന്ന് മണിക്കൂർ നീണ്ടു. മാദ്ധ്യമ പ്രവർത്തകരും ആളുകളും തടിച്ചുകൂടിയതോടെ പൊലീസ് മാത്രമാണ് ആദ്യം ബാങ്കിൽ കയറിയത്. ആളുകൾ മടങ്ങിയതോടെ വാഹനത്തിൽ നിന്ന് സൂരജിനെയും എത്തിച്ചു. മാനേജർ ഉൾപ്പെടെയുള്ളവർ ഇയാളെ തിരിച്ചറിഞ്ഞു.