പമ്പയിലെ മണൽ കടത്ത്, കോടികളുടെ അഴിമതിയെന്ന് കെ.സുരേന്ദ്രൻ
Thursday 04 June 2020 1:42 AM IST
തിരുവനന്തപുരം: പമ്പയിലെ മണൽക്കൊള്ളയിൽ മന്ത്രിമാർക്കും പങ്കുണ്ടെന്ന് ബി. ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു. കോടികളുടെ അഴിമതിയാണ് ഇതിൽ നടന്നിരിക്കുന്നത്. പുഴയിലെ മാലിന്യം നീക്കാനെന്ന പേരിൽ ജനങ്ങളെ കബളിപ്പിച്ച് കണ്ണൂരിൽ മണൽ കടത്താൻ ശ്രമിച്ചത് ബി.ജെ.പി ജനകീയ പ്രക്ഷേഭം സംഘടിപ്പിച്ച് തടുക്കുകയായിരുന്നു. തുടർന്നാണ് പമ്പയിലെ മണൽവാരാൻ ശ്രമം തുടങ്ങിയത്. കേരള ക്ലേയ്സ് ആൻഡ് സിറാമിക്സും കോട്ടയത്തെ സ്വകാര്യ കമ്പനിയും ചേർന്നാണ് കണ്ണൂരിൽ മണൽക്കടത്തിന് ശ്രമിച്ചത്. ഈ വിഷയത്തിൽ കണ്ണൂരിൽ നടന്ന സർവകക്ഷിയോഗത്തിൽ സി.പി.എമ്മും കോൺഗ്രസും ഒത്തുകളിച്ചു. കമ്പനിയുടെ ഉടമകൾ കോൺഗ്രസുകാർക്കും സി.പി.എമ്മുകാർക്കും വേണ്ടപ്പെട്ടവരാണ്. പമ്പയിലെ മണൽ നീക്കം ചെയ്തു സർക്കാർ മേൽനോട്ടത്തിൽ വിൽക്കുകയാണ് വേണ്ടതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.