ഇ.പി.ജയരാജനെ ബോംബെറിഞ്ഞ കേസ്: ബി.ജെ.പി പ്രവർത്തകരെ കോടതി വെറുതേവിട്ടു

Friday 05 June 2020 2:02 PM IST

കണ്ണൂർ: വ്യവസായ മന്ത്രി ഇ.പി ജയരാജനെ ഇരുപത് വർഷം മുൻപ് ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികളായ 38 ആർ.എസ്.എസ് - ബി.ജെ.പി പ്രവർത്തകരെ വെറുതെ വിട്ടു. തലശ്ശേരി അഡീഷണൽ ജില്ല സെക്ഷൻസ് കോടതി നാലാണ് പ്രതികളെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടത്.

ഇ.പി.ജയരാജനും പാർട്ടി പ്രവർത്തകരും സഞ്ചരിച്ച വാഹനവ്യൂഹത്തിനു നേരെ ബോംബ് എറിഞ്ഞെന്നായിരുന്നു കേസ്. 12 ബി.ജെ.പി-ആർ.എസ്‌.എസ് പ്രവർത്തകരെ അതിവേഗക്കോടതി (മൂന്ന്) നേരത്തെ കുറ്റക്കാരല്ലെന്നു കണ്ട് വിട്ടയച്ചിരുന്നു. ജയരാജന്‍റെ വാഹനത്തോടൊപ്പമുണ്ടായിരുന്ന അകമ്പടി വാഹനത്തിൽ ഉണ്ടായിരുന്ന 12 സി.പി.എം പ്രവർത്തകരെ പരുക്കേൽപ്പിച്ചുവെന്നായിരുന്നു കേസ്.

കൂറ്റേരി കെ.സി മുക്കിൽ കൊല്ലപ്പെട്ട സി.പി.എം പ്രവർത്തകൻ കുഞ്ഞിക്കണ്ണന്‍റെ ശവസംസ്‌കാരം കഴിഞ്ഞ് അന്നു പാർട്ടി ജില്ലാ സെക്രട്ടറിയായിരുന്ന ഇ.പി ജയരാജനും പാർട്ടി പ്രവർത്തകരും തിരിച്ചുവരുമ്പോൾ കൂറ്റേരിയിൽ ബോംബ് എറിഞ്ഞു രണ്ടു ജീപ്പുകളിൽ സഞ്ചരിച്ച സജീവൻ, അശോകൻ, കുമാരൻ തുടങ്ങി 12 സി.പി.എമ്മുകാർക്ക് പരുക്കേറ്റുവെന്നാണ് കേസ്. 1999 ഡിസംബർ നാലിനാണ് സംഭവം.