രണ്ടുദിവസം കൊണ്ട് രോഗികളുടെ എണ്ണം 200 കടന്നു, മൂന്നുജില്ലകളിൽ നൂറിലേറെ കൊവിഡ് ബാധിതർ

Saturday 06 June 2020 8:18 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം തുടർച്ചയായ രണ്ടാംദിവസവും നൂറുകടന്നു. ഇന്ന് 108 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 111 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1029 ആയി ഉയര്‍ന്നു. പാലക്കാടും മലപ്പുറത്തും കണ്ണൂരും നൂറിലധികം രോഗികളാണ് ചികിത്സയില്‍ കഴിയുന്നത്. പാലക്കാട് 160 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. കണ്ണൂരില്‍ ഇത് 127 ആണ്. മലപ്പുറത്ത് 120 പേര്‍ ചികിത്സയില്‍ കഴിയുന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

തിരുവനന്തപുരത്ത് 74പേരാണ് ചികിത്സയില്‍ കഴിയുന്നത്. കൊല്ലത്ത് ഇത് 72 ആണ്. കൊല്ലത്താണ് ഇന്ന് ഏറ്റവുമധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.ജില്ലയിലുളള 19 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 11 പേര്‍ താജിക്കിസ്ഥാനില്‍ നിന്ന് മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ്. പത്തനംതിട്ടയില്‍ 59, ആലപ്പുഴ 66, കോട്ടയം 33, ഇടുക്കി 22 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കൊവിഡ് കണക്കുകള്‍.

എറണാകുളത്ത് 48 പേരാണ് ചികിത്സയില്‍ കഴിയുന്നത്. തൃശൂരില്‍ ഇത് 77 ആണ്. കോഴിക്കോട് 56, വയനാട് 16, കാസര്‍കോട് 99 എന്നിങ്ങനെയാണ് അവേശേഷിക്കുന്ന ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ കണക്കുകള്‍. അതേസമയം പാലക്കാട് ജില്ലയില്‍ നിന്നുളള 30 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടത് ആശ്വാസമായി.

സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 138 ആയി.. ഇന്ന് പുതുതായി പത്ത് ഹോട്ട്സ്പോട്ടുകളാണുള്ളത്.. ഇതിൽ എട്ടും പാലക്കാട് ജില്ലയിലാണ്.