ശിവഗിരി ടൂറിസം സർക്യൂട്ട് പദ്ധതി റദ്ദാക്കിയത് സങ്കുചിത രാഷ്ട്രീയം: മുല്ലപ്പള്ളി

Sunday 07 June 2020 12:04 AM IST

തിരുവനന്തപുരം: ശിവഗിരി ടൂറിസം സർക്യൂട്ട് പദ്ധതി റദ്ദാക്കിയതിന് പിന്നിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സങ്കുചിത രാഷ്ട്രീയ നിലപാടെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസ്താവിച്ചു.

കേന്ദ്രത്തിന്റെ സ്വദേശി ദർശൻ പദ്ധതിയിലുൾപ്പെടുത്തി 2019ൽ പ്രഖ്യാപിച്ച 69.47 കോടിയുടെ പദ്ധതിയാണ് മുന്നറിയിപ്പില്ലാതെ ഒന്നര വർഷം പിന്നിടുമ്പോൾ റദ്ദാക്കിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കാര്യമായ നേട്ടം ലഭിക്കാത്തതിന്റെ പക വീട്ടലാണ് കേന്ദ്രം നടത്തിയിരിക്കുന്നത്. കേരളീയ സമൂഹത്തിന്റെ ശക്തമായ പ്രതിഷേധം കേന്ദ്രസർക്കാരിനെ അറിയിക്കുന്നതിൽ പിണറായി സർക്കാർ ദയനീയമായി പരാജയപ്പെട്ടു. നാവോത്ഥാന നായകനായ ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങളുടെയും ശ്രീനാരായണീയ ആശയങ്ങളുടെയും കേന്ദ്രമാണ് ശിവഗിരി. ശിവിഗരിയെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ലക്ഷ്യസ്ഥാനമായി കാണുന്ന ബി.ജെ.പി, സി.പി.എം നിലപാട് ഇതിനകം കേരളീയ പൊതുസമൂഹം തിരിച്ചറിഞ്ഞിട്ടുണ്ട്. പദ്ധതി റദ്ദാക്കിയ നിലപാട് കേന്ദ്രം പുന:പരിശോധിക്കണമെന്നും ഇല്ലെങ്കിൽ സംസ്ഥാനസർക്കാർ ഏറ്റെടുത്ത് നടപ്പാക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.