സർക്കാർ കേന്ദ്രത്തിൽ ഇനി നിർബന്ധിത നിരീക്ഷണമില്ല

Sunday 07 June 2020 12:00 AM IST

തിരുവനന്തപുരം : വിദേശത്ത് നിന്നെത്തുന്നവർ ആദ്യ ആഴ്ച സർക്കാർ കേന്ദ്രത്തിൽ നിർബന്ധിത നിരീക്ഷണത്തിൽ കഴിയണമെന്ന നിബന്ധന ആരോഗ്യവകുപ്പ് ഒഴിവാക്കി. രോഗലക്ഷണമില്ലാത്തവർക്ക് ഇനി വിമാനത്താവളത്തിൽ നിന്ന് നേരേ വീട്ടിലേക്ക് പോകാം. 14 ദിവസം വീട്ടിലാണ് നിരീക്ഷണം പൂർത്തിയാക്കേണ്ടത്.

വീട്ടിൽ നിരീക്ഷണത്തിൽ കഴിയാനുള്ള സൗകര്യമുണ്ടെന്ന് തദ്ദേശസ്ഥാപനങ്ങൾ ഉറപ്പാക്കണം. നിരീക്ഷണത്തിൽ കഴിയുന്ന വീടുകളിൽ 10 വയസിൽ താഴെയും 65 വയസിന് മുകളിലുമുള്ളവർ പാടില്ല. വീട്ടിൽ സൗകര്യമില്ലാത്തവർക്ക് പെയ്ഡ് ക്വാറന്റൈൻ തിരഞ്ഞെടുക്കാം. പണമില്ലാത്തവർക്ക് സർക്കാർ സൗകര്യം അനുവദിക്കും. ഇതിനുള്ള കേന്ദ്രങ്ങൾ സജ്ജമാക്കാൻ നടപടി തുടങ്ങി.

വിദേശത്തു നിന്ന് കൂടുതൽ പേർ എത്തിക്കൊണ്ടിരിക്കുന്നതിനാൽ എല്ലാവരെയും ഉൾക്കൊള്ളാൻ സർക്കാർ ക്വാറന്റൈൻ കേന്ദ്രങ്ങൾ തികയാതെ വരും. ഈ സാഹചര്യത്തിലാണ് രണ്ടാഴ്ച നിരീക്ഷണവും വീട്ടിൽ മതിയെന്ന് ആരോഗ്യവകുപ്പ് തീരുമാനിച്ചത്. നിരീക്ഷണത്തിന് കാശീടാക്കാനുള്ള നീക്കം വിവാദമായതിനെ തുടർന്ന് ഉത്തരവ് തിരുത്തി പാവപ്പെട്ടവർക്ക് സൗജന്യം തുടരാൻ സർക്കാർ തീരുമാനിച്ചിരുന്നു.

വീട്ടിൽ 'ഉറപ്പില്ലാത്ത" നിരീക്ഷണം

അതേസമയം വീടുകളിലെ നിരീക്ഷണം ലംഘിക്കുന്നതിന് ദിനംപ്രതി ഒട്ടേറെ കേസുകളാണ് രജിസ്റ്റർ ചെയ്യുന്നത്. ഈ സാഹചര്യത്തിൽ നിരീക്ഷണം ഫലപ്രദമാകുമോയെന്നതിൽ ആശങ്കയുണ്ട്. അങ്ങനെയെങ്കിൽ അത് സമൂഹവ്യാപനത്തിന് വഴിയൊരുക്കും.

കെട്ടിടങ്ങൾ ഏറ്റെടുത്തു തുടങ്ങി

വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ സൗകര്യമില്ലാത്തവരെ പാർപ്പിക്കാൻ ഒഴിഞ്ഞു കിടക്കുന്ന വീടുകൾ ഉൾപ്പെടെ ഏറ്റെടുക്കാൻ സർക്കാർ ഉത്തരവിറക്കി. ജില്ലാ ഭരണകൂടങ്ങൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കും 2005ലെ ദുരന്ത പ്രതികരണ നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ചാണ് അനുമതി നൽകിയത്.