സേവേറിയോസച്ചൻ സൂപ്പർ ഹിറ്റ്, മാപ്പിളപ്പാട്ടുകളിൽ

Sunday 07 June 2020 12:32 AM IST

കൊല്ലം: സേവേറിയോസ് അച്ചൻ പാടുമ്പോൾ ആരാധകർ ചോദിച്ചുപോകും- 'എന്തിനാ അച്ചൻപട്ടത്തിന് പോയതെന്ന്". പള്ളിപ്പാട്ടുകൾ പാടിയിരുന്ന അച്ചൻ മാപ്പിളപ്പാട്ടുകൾ പാടിയതോടെ പിന്തുണയേറി. ഇപ്പോൾ അച്ചന്റെ പാട്ടുകൾക്കായി കാത്തിരിപ്പാണ്.

ഓരോ പാട്ടിനും ലക്ഷക്കണക്കിന് ഷെയറും ലൈക്കുമാണ് കിട്ടുന്നത്. യാക്കോബായ സുറിയാനി സഭയുടെ നിരണം ഭദ്രാസനത്തിന്റെ അധീനതയിലുള്ള മാർ ഗ്രിഗോറിയോസ് ആശ്രമത്തിലെ അംഗമാണ് ഫാ. സേവേറിയോസ് എം.തോമസ്. "സംകൃത പമഗരി തങ്കത്തുങ്ക തതികിണ തിങ്കൃത തിമികിട മേളം..." എന്ന മാപ്പിളപ്പാട്ടാണ് അച്ചനെ

ശ്രദ്ധേയനാക്കിയത്. പള്ളി ക്വയർ ടീമിലുള്ള ഗിത്താറിസ്റ്റ് ബെന്നിയാണ് മാപ്പിളപ്പാട്ട് പാടാൻ അച്ചനെ നിർബന്ധിച്ചത്. അത് സോഷ്യൽ മീഡിയയിൽ വൈറലായി.

കർണാടക, ഹിന്ദുസ്ഥാനി സംഗീതം പഠിച്ചിട്ടുള്ള അച്ചൻ ഏഴ് വർഷമായി സംഗീത ലോകത്ത് സജീവമാണ്. ചർച്ച് ക്വയറിൽ പാടിയിരുന്ന അച്ചൻ ബിഷപ്പിന്റെ അനുവാദത്തോടെ ഗാനമേളയിലും ടി.വി പരിപാടികളിലുമൊക്കെ പങ്കെടുത്തു. അടുത്തിടെ 'സ്നേഹത്തിൻ പൂഞ്ചോല തീരത്തിൽ നാമെത്തും നേരം...' എന്ന ഗാനം പാടിയത് സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.

ചെങ്ങന്നൂർ കല്ലിശേരി ഇഞ്ചക്കാട്ടിൽ കുടുംബാംഗമായ സേവേറിയോസ് ഹൈന്ദവ ഭക്തിഗാനങ്ങളും പാടി മതമൈത്രിയുടെ സന്ദേശവാഹകനാകാറുണ്ട്. സഭാ ചട്ടക്കൂടുകളുടെ പരിമിതികൾ ഉണ്ടെങ്കിലും അച്ചന്റെ കലാസപര്യയ്ക്ക് പൂർണ പിന്തുണയുണ്ട്. സംഗീതവും നൃത്തവും വായനയുമാണ് അച്ചന്റെ വിനോദങ്ങൾ. നിരവധി പുസ്തകങ്ങളും പ്രസിദ്ധീകരിച്ചു.

"സുറിയാനി പാട്ടുകളും മാപ്പിളപ്പാട്ടുകളും തമ്മിൽ സാമ്യമുള്ളതിനാലാണ് മാപ്പിളപ്പാട്ടുകളും പാടാനാകുന്നത്. സിനിമാഗാനങ്ങളും ഭക്തിഗാനങ്ങളുമൊക്കെ പാടാറുണ്ട്. ആശ്രമ ജീവിതമായതിനാൽ പരിമിതികൾ ഏറെയാണ്.

-ഫാ.സേവേറിയോസ് തോമസ്