കാ​ർ​ഷി​ക​മേ​ഖ​ല​യി​ലെ​ ​ സു​സ്ഥി​ര​ ​വി​ക​സ​ന​ത്തി​ന് ​ '​ജൈ​വ​ഗൃ​ഹം'

Saturday 06 June 2020 9:36 PM IST
agriculture

പാലക്കാട്: റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്തെ കാർഷിക മേഖലയുടെ സുസ്ഥിര വികസനത്തിനായി കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ജൈവഗൃഹം ഒരുങ്ങുന്നു. കാർഷിക വിളകൾക്കൊപ്പം മൃഗപരിപാലനം, മത്സ്യം, കൂൺ, തേനീച്ച, ജൈവമാലിന്യ നിർമാർജ്ജനം, ജലസംരക്ഷണം എന്നിവയും സംയോജിപ്പിച്ചാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്.

 പദ്ധതി ലക്ഷ്യം

1. കൈവശമുള്ള ഭൂമി പരമാവധി പ്രയോജനപ്പെടുത്തി കർഷകരുടെ ആദായം വർദ്ധിപ്പിച്ച് പുതുതലമുറയെ കൃഷിയിലേക്ക് ആകർഷിക്കുക.

2. പരമ്പരാഗത കൃഷിരീതികളുടെ സംരക്ഷണം, കുടുംബകൃഷി പ്രോത്സാഹനം, പോഷകസുരക്ഷ, ഉറവിട ജൈവമാലിന്യ സംസ്‌കരണം, ജൈവ വള ഉപയോഗം, ജലസംരക്ഷണം

 ആർക്കെല്ലാ അപേക്ഷിക്കാം ?​

ഗുണഭോക്താവ് അഞ്ചു സെന്റ് മുതൽ അഞ്ച് ഏക്കർവരെ സ്വന്തമായോ കുടുംബാംഗങ്ങളുടെയോ വാടകഭൂമിയിലോ കൃഷി ചെയ്യുന്നവർക്ക് പദ്ധതിയിൽ അപേക്ഷിക്കാം. 40 വയസിനു താഴെയുള്ളവർ, എസ്‌സി / എസ്ടി കർഷകർ, പ്രളയത്തിൽ കൃഷിനാശം സംഭവിച്ചവർ എന്നിവർക്കു മുൻഗണനയുണ്ട്. പുതിയ സംരംഭം ആരംഭിക്കുകയോ​ നിലവിലുള്ളവയെ പരിപോഷിപ്പിക്കുകയോ ചെയ്യാം. പോഷകത്തോട്ടം, മൃഗ ​- പക്ഷി പരിപാലന യൂണിറ്റ്, മത്സ്യകൃഷി, കൂൺ വളർത്തൽ, തേനീച്ച വളർത്തൽ, അസോള / തീറ്റപ്പുൽ കൃഷി, പുഷ്പകൃഷി, തെങ്ങിന് ഇടവിള കൃഷി, ജൈവമാലിന്യ സംസ്‌കരണ യൂണിറ്റ്, ജലസംരക്ഷണ യൂണിറ്റ് എന്നിവയിൽ ഏതെങ്കിലും 5 സംരംഭങ്ങൾ ചെയ്തിരിക്കണം. ഫോം പ്ലാനിന് അനുസൃതമായി വേണം സംരംഭങ്ങൾ ആരംഭിക്കാൻ. നിലവിലുള്ള സംരംഭങ്ങളെ പരിപോഷിപ്പിക്കുന്ന പദ്ധതിയിൽ കാലിത്തൊഴുത്ത്, കോഴിക്കൂട്, ആട്ടിൻകൂട് തുടങ്ങിയവയുടെ നിർമാണം, പമ്പ് സെറ്റ് തുടങ്ങിയ യന്ത്രോപകരണങ്ങൾ വാങ്ങൽ, നിലവിലെ വളർത്തു പക്ഷിമൃഗാദികളുടെ എണ്ണം വർധിപ്പിക്കൽ തുടങ്ങിയവയും ഉൾപ്പെടുത്താവുന്നതാണ്.

രണ്ടു വർഷമാണ് പദ്ധതിയുടെ നടത്തിപ്പ് കാലയളവ്. മൂല്യനിർണയത്തിന്റെ അടിസ്ഥാനത്തിൽ സാമ്പത്തിക സഹായത്തിന്റെ 70% ആദ്യ വർഷവും 30% രണ്ടാം വർഷവും നൽകും. അപേക്ഷാഫോറത്തിനും വിശദവിവരങ്ങൾക്കുമായി അടുത്തുള്ള കൃഷിഭവനെ സമീപിക്കാം.