മാലിന്യം ഇനി ശേഖരിക്കാം ഈസിയായി

Sunday 07 June 2020 12:24 AM IST

കോഴിക്കോട്: അജൈവ മാലിന്യങ്ങൾ വലിച്ചെറിയാതെ തരം തിരിച്ച് വീട്ടിൽ സൂക്ഷിക്കാനാകുമോ! എന്നാൽ സംഗതി നടക്കുമെന്നാണ് നിറവ് വേങ്ങേരിയുടെ മൈക്രോ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി (എം.സി.എഫ്) മാതൃക പറയുന്നത്. നിറവിന്റെ കോ-ഓർഡിനേറ്ററർ ബാബു പറമ്പത്തിന്റെ വീട്ടിലാണ് എം.സി.എഫ് സ്ഥാപിച്ചിരിക്കുന്നത്.

നാല് അറകളോടു കൂടിയാണ് സംവിധാനം അലൂമിനിയം ഫാബ്രിക്കേനിലാണ് ഒരുക്കിയത്. ദീർഘനാൾ കേടുകൂടാതിരിക്കാൻ ഇത് സഹായിക്കും. ഓരോ അറയിലും രണ്ട് വീതം സഞ്ചികൾ വയ്‌ക്കാനാകും. ഇവ നിറഞ്ഞാൽ എളുപ്പത്തിലെടുത്ത് കൊളുത്തിൽ തൂക്കിയിടാം. മൂന്ന് മാസം വരെയുള്ള അജെെവ മാലിന്യങ്ങൾ ഇതിൽ ശേഖരിക്കാം.

ഇങ്ങനെയുള്ള എട്ട് അറകളിൽ എന്തെല്ലാം ഇടാമെന്ന് ചിത്രം സഹിതം മെഷീന്റെ പുറത്ത് ഒട്ടിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് കവർ, പ്ലാസ്റ്റിക് കുപ്പി, പേപ്പർ ആൻഡ് പേപ്പർ കവർ, ലോഹങ്ങൾ, ചെരുപ്പ്, തെർമോക്കോൾ, റെക്‌സിൻ, ചില്ല്, ചില്ലുകുപ്പികൾ, ഇലക്ട്രിക് ആൻഡ് ഇലക്ട്രാണിക്മരുന്ന് സ്ട്രിപ്പുകൾ എന്നിങ്ങനെയാണ് തരം തിരിച്ചിരിക്കുന്നത്.

15000 രൂപയാണ് മെഷീന് ചെലവായത്. മാലിന്യങ്ങൾ ഇത്തരത്തിൽ തരംതിരിച്ച് സൂക്ഷിക്കുന്നതിലൂടെ മഴക്കാലത്ത് വെള്ളം കെട്ടിക്കിടന്ന് പകർച്ച വ്യാധികൾ പെരുകുന്നതും ഒഴിവാക്കാം. വീടുകളൾ, സ്ഥാപനങ്ങൾ, ഓഫീസുകൾ എന്നിവിടങ്ങളിലെല്ലാം മൈക്രോ എം.സി.എഫ് സ്ഥാപിക്കാനാവും. ഹരിതകേരളം മിഷന്റെ ഹരിത സഹായ സ്ഥാപനമാണ് നിറവ് വേങ്ങേരി. മാലിന്യ സംസ്‌കരണ രംഗത്തും വീട്ടുവളപ്പിലെ പച്ചക്കറിക്കൃഷി, ഹരിതഭവനം, എന്നിങ്ങനെയുള്ള പദ്ധതികളുമായി സഹകരിക്കുന്നുണ്ട്.

 മാലിന്യം ശേഖരണം

1 പ്ലാസ്​റ്റിക് കവർ 2. പ്ലാസ്​റ്റിക് കുപ്പി 3. പേപ്പർ ആൻഡ് പേപ്പർ കവർ 4. ലോഹങ്ങൾ 5. ചെരുപ്പ്, തെർമോക്കോൾ, റെക്‌സിൻ 6. ചില്ല്, കുപ്പികൾ 7. ഇലക്ട്രിക് ആൻഡ് ഇലക്ട്രോണിക് 8. മരുന്ന് സ്ട്രിപ്പുകൾ

'വീടുകൾ ശുചിയായി സൂക്ഷിക്കുന്നത് അടിസ്ഥാന തത്വമാണ്. മഴക്കാലത്ത് പറമ്പിലും മറ്രും മാലിന്യങ്ങൾ വലിച്ചെറിയാതെ സൂക്ഷിച്ചാൽ പകർച്ച വ്യാധികളെ ഒരു പരിധി വരെ അകറ്റി നിറുത്താം. എട്ട് അറകളുള്ളതിന് പകരം രണ്ട് അറകളുള്ള എം.സി.എഫും ഉണ്ടാക്കാം".

- ബാബു പറമ്പത്ത്

'ഒരു വീട്ടിൽ ഇത്തരത്തിലൊന്ന് ക്രമീകരിക്കുന്നത് വളരെ ഉപയോഗപ്രദമാണ്".

- പി. പ്രകാശ്, ഹരിത മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ