1450 തൊഴിലാളികൾ കൂടി യാത്രയായി

Sunday 07 June 2020 12:29 AM IST

പത്തനംതിട്ട: ജില്ലയിൽ നിന്ന് പശ്ചിമ ബംഗാളിലേക്ക് പുറപ്പെട്ട സ്‌പെഷ്യൽ ട്രെയിനിൽ 1450 അതിഥി തൊഴിലാളികൾ കൂടി സ്വദേശത്തേക്ക് മടങ്ങി. തിരുവല്ല റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇന്നലെ വൈകുന്നേരം മൂന്നിന് പുറപ്പെട്ട ട്രെയിനിലാണ് ഇവർ നാട്ടിലേക്ക് മടങ്ങിയത്. കോന്നി താലൂക്കിൽ നിന്ന് 310, റാന്നി താലൂക്കിൽ നിന്ന് 106, അടൂർ താലൂക്കിൽ നിന്ന് 448, തിരുവല്ലയിൽ നിന്ന് 269, കോഴഞ്ചേരിയിൽ നിന്ന് 202, മല്ലപ്പള്ളി താലൂക്കിൽ നിന്ന് 115 ഉം പേരാണ് സ്‌പെഷ്യൽ ട്രെയിനിൽ സ്വദേശത്തേക്കു മടങ്ങിയത്. ജില്ലാ ഭരണകൂടത്തിന്റെയും റവന്യൂ, ലേബർ വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് തൊഴിലാളികളെ നാട്ടിലേക്ക് മടക്കി അയച്ചത്. അസിസ്റ്റന്റ് ലേബർ ഓഫീസർമാർ തൊഴിലാളികൾക്ക് മാസ്‌കും സാനിറ്റൈസറും നൽകി. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ബി. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ഇവർക്ക് ചപ്പാത്തി, അച്ചാർ, ബ്രഡ്, ഏത്തപ്പഴം, വെള്ളം എന്നിവ അടങ്ങിയ സൗജന്യ ഭക്ഷണ കിറ്റും കൈമാറി.