ആറുമാസം കൊണ്ട് രണ്ടു ലക്ഷം രോഗികൾ: കൊവിഡ് പടരാതെ പൊരുതണം

Sunday 07 June 2020 12:00 AM IST

തിരുവനന്തപുരം: ലോക്ക്ഡൗൺ ഇളവുകൾ ആസ്വദിച്ച് ജനം നിയന്ത്രണങ്ങൾ ലംഘിച്ചാൽ സംസ്ഥാനത്ത് കൊവിഡ് വ്യാപനം മാരകമാകുമെന്ന് മുന്നറിയിപ്പ്. അടുത്ത നൂറുദിവസത്തെ സ്ഥിതി വിവരിക്കുന്ന രേഖയിലാണ് ഭീതിയുണ്ടാക്കുന്ന കണക്കുള്ളത്.

ഒരു രോഗിയിൽ നിന്ന് 1.15 ആളുകൾക്ക് രോഗം പകർന്നാൽ പോലും ഏഴ് മാസം കൊണ്ട് രോഗികൾ ഒരുലക്ഷമാകും. രോഗം പകരുന്നത് 1.45 പേർക്കാണെങ്കിൽ ആറുമാസത്തിൽ രണ്ടുലക്ഷം രോഗികളാവും. അതിനാൽ ശക്തമായ പ്രതിരോധത്തിലൂടെ രോഗവ്യാപനം കുറയ്ക്കണം.

ഈ മാസം ഒരു ലക്ഷത്തിലേറെ പേർ വിദേശത്തു നിന്നെത്തും. പൊതുഗതാഗതം തുറക്കുമ്പോൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരും കൂടും. കേരളത്തിൽ 89ശതമാനം രോഗികളും പുറമെ നിന്നെത്തുന്നവരാണ്. പ്രാദേശികമായി രോഗം ബാധിക്കുന്നവർ 11ശതമാനം മാത്രം. പുറമെ നിന്ന് വന്നവരിൽ 969 രോഗികളായപ്പോൾ സമ്പർക്കത്തിലൂടെ രോഗം വന്നത് 120 പേർക്കാണ്.

ഇപ്പോഴത്തെ പോക്കിൽ ജൂൺ 30ന് 169, ജൂലായ് 31ന് 272, ആഗസ്റ്റ് 31ന് 342 എന്നിങ്ങനെയാവും നിത്യേനയുള്ള രോഗികൾ. വിദേശത്തു നിന്നും സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരിൽ 18,000 പേർക്ക് ആഗസ്റ്റോടെ രോഗബാധയുണ്ടാവും. ഇവരിൽ 150 പേർ മരിക്കാം.

അടുത്ത നൂറുദിവസത്തിനിടെ ഹൈ-കോണ്ടാക്ട് വിഭാഗത്തിലെ രണ്ടായിരം പേരിൽ ഒരാളെങ്കിലും വൈറസ് ബാധിതനായേക്കും. ആരോഗ്യപ്രവർത്തകർ, പൊലീസ്, വോളണ്ടിയർമാർ, വിതരണ ശൃംഖലയിലെ ആളുകൾ എന്നിവരാണ് ഈ വിഭാഗം.

ഒരാളിൽ നിന്ന് 1.45 പേരിലേക്ക് രോഗം പകർന്നാൽ ആഗസ്റ്റ് 31ന് 8974, സെപ്തംബർ 31ന് 25,403 രോഗികളുണ്ടായിരിക്കും. പ്രതിരോധം ശക്തമാക്കിയാൽ രോഗവ്യാപനം ഒന്നര പേരിൽ കുറവായിരിക്കും. ആരോഗ്യമുള്ളവരിൽ 0.75ശതമാനത്തിനേ രോഗലക്ഷണങ്ങളുണ്ടാവൂ. പ്രായമായവരിലും കുട്ടികളിലും രോഗികളിലും 5 ശതമാനത്തിനേ ലക്ഷണങ്ങളുണ്ടാവൂ.

നിത്യേന ആയിരം രോഗികളെത്തിയാലും നിലവിലെ ചികിത്സാ സൗകര്യങ്ങൾ പര്യാപ്തമാവും. എന്നാൽ രോഗവ്യാപന നിരക്ക് മൂന്നാവുകയും പത്ത് ശതമാനം രോഗികളെ 28 ദിവസം കിടത്തി ചികിത്സിക്കേണ്ടി വരികയും ചെയ്താൽ സൗകര്യങ്ങൾ തികയാതെ വരും. നെഗറ്റീവാകാത്തവരെയും പത്തുദിവസത്തിനു ശേഷം ഡിസ്ചാർജ് ചെയ്യേണ്ടി വരും. ഇത് ഒഴിവാക്കാൻ അഞ്ച് നടപടികളെടുക്കണം.

1)ശക്തമായ ക്വാറന്റൈൻ

2)സമ്പർക്കമുണ്ടായവരെ കണ്ടെത്തണം

3)കൂടുതൽ പരിശോധനകൾ

4)ബ്രേക്ക് ദി ചെയിൻ ശക്തമാക്കണം

5)റിവേഴ്സ് ക്വാറന്റൈൻ ഫലപ്രദമാക്കണം

ചികിത്സാ സൗകര്യങ്ങൾ

ആശുപത്രി------- കിടക്കകൾ----- ഐ.സി.യു------വെന്റിലേറ്റർ

സർക്കാർ ആശുപത്രികൾ-----37,​843---213---187

ഗവ.മെഡിക്കൽ കോളേജ്-----11,​678----10,​98---488

മറ്റ് പൊതു ആശുപത്രികൾ---5,​757-----72----64

സ്വകാര്യ ആശുപത്രികൾ-------72,​380----6,​664-----1,​470

ആകെ-------------------1,​27,​658-----8,​047------2,​209

ഇതാണ് ആശ്വാസം

10ലക്ഷം പേരിൽ---- ലോകം---- ഇന്ത്യ-----കേരളം

രോഗികൾ-----858-----164----46

മരണം-----50-------5-----0.4

മറ്റ് സംസ്ഥാനങ്ങളിൽ

സംസ്ഥാനം-------രോഗികൾ-----------മരണം

മഹാരാഷ്ട്ര------77,793-----2710

ഗുജറാത്ത്-------18,609-----1155

ഡൽഹി-----------25,004-----659

മദ്ധ്യപ്രദേശ്------8,762-----377

പശ്ചിമബംഗാൾ----6,876----355

ഉത്തർപ്രദേശ്------9,237-----245

രാജസ്ഥാൻ------9,857----213

തെലങ്കാന----3147-----105

ആന്ധ്രാപ്രദേശ്---4112----71

പഞ്ചാബ്-----2415----47

രോഗികൾ വർദ്ധിക്കും. അപകടാവസ്ഥ ഗൗരവത്തോടെ മനസ്സിലാക്കണം. ആപത്തിന്റെ തോത് വർദ്ധിക്കുകയാണെന്ന് തിരിച്ചറിയണം. സുരക്ഷയിൽ വീഴ്ചവരുത്തുകയല്ല, ജാഗ്രത ശക്തമാക്കുകയാണ് വേണ്ടത്. ഓരോരുത്തരും സ്വയം പോരാളിയാവണം.

-പിണറായി വിജയൻ

മുഖ്യമന്ത്രി