കോടതിക്ക് സമാന്തരമായല്ല സി.പി.എം പ്രവർത്തനം: കോടിയേരി

Saturday 06 June 2020 11:24 PM IST

തിരുവനന്തപുരം: കോടതിക്കും പൊലീസ് സംവിധാനത്തിനും സമാന്തരമായിട്ടല്ല സി.പി.എം പ്രവർത്തിക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സി.പി.എം അംഗങ്ങളെക്കുറിച്ച് പാർട്ടിക്കുള്ളിൽ ഉയർന്നുവരുന്ന പരാതികൾ പാർട്ടിതലത്തിൽ പരിശോധിച്ച് തീരുമാനമെടുക്കും എന്നാകും വനിതാ കമ്മിഷൻ അദ്ധ്യക്ഷ എം.സി. ജോസഫൈൻ ഉദ്ദേശിച്ചതെന്നും വാർത്താലേഖകരുടെ ചോദ്യത്തിന് മറുപടിയായി കോടിയേരി പറഞ്ഞു. അംഗങ്ങളെപ്പറ്റി പരാതി ലഭിച്ചാൽ അന്വേഷിക്കാൻ പാർട്ടിക്ക് അതിന്റേതായ സംവിധാനമുണ്ട്. പക്ഷേ ആ വിഷയത്തിൽ പൊലീസിലോ കോടതിയിലോ പരാതി നൽകിയാൽ അതിൽ ഇടപെടില്ല.

താത്കാലിക പഠനസഹായ സംവിധാനമാണ് ഓൺലൈൻ ക്ലാസുകൾ. അത് പി.ബി നിലപാടിന് വിരുദ്ധമല്ല. സി.പി.എം നിലപാട് ഓൺലൈൻ വഴി അംഗങ്ങളിലെത്തിക്കും. 13ന് ജില്ലാ, ഏരിയാ കമ്മിറ്റിയംഗങ്ങൾക്കും ലോക്കൽ സെക്രട്ടറിമാർക്കും ഓൺലൈൻ റിപ്പോർട്ടിംഗുണ്ടാകും.

പ്രതിപക്ഷനേതാവിന് വെപ്രാളം

കോൺഗ്രസിനകത്ത് തനിക്കെതിരായ ചേരിതിരിവ് വന്നതോടെ താനാണ് വലിയ മാർക്സിസ്റ്റ് വിരുദ്ധനെന്ന് കാണിക്കാനുള്ള വെപ്രാളമാണ് പ്രതിപക്ഷനേതാവ് കാണിക്കുന്നതെന്ന് കോടിയേരി പറഞ്ഞു. പദവിക്ക് യോജിച്ചതാണോയിതെന്ന് പരിശോധിച്ച് സ്വയം തിരുത്തണം. എ.കെ. ആന്റണിയും ഉമ്മൻചാണ്ടിയും പ്രതിപക്ഷനേതാവായിരുന്നതിൽ നിന്ന് വ്യത്യസ്തമായി ഏത് വിഷയത്തിലും രാഷ്ട്രീയ മുതലെടുപ്പ് നടത്തണമെന്ന ഉദ്ദേശ്യമാണ് ചെന്നിത്തലയ്ക്ക്.