ജി.എസ്.ടി തലപ്പത്തേക്ക് ഐ.ആർ.എസുകാരൻ, ഐ.എ.എസുകാർക്ക് കടുത്ത എതിർപ്പ്

Saturday 06 June 2020 11:27 PM IST

തിരുവനന്തപുരം: നികുതി പിരിവ് കാര്യക്ഷമമാക്കാൻ സംസ്ഥാന ജി.എസ്. ടി വകുപ്പിന്റെ തലപ്പത്ത് ഇന്ത്യൻ റവന്യൂ സർവീസ് (ഐ.ആർ.എസ്) ഉദ്യോഗസ്ഥനെ നിയോഗിക്കാൻ നീക്കം. മുൻ ചീഫ് സെക്രട്ടറിയുടെ എതിർപ്പിനെ തുടർന്നാണ് നേരത്തെ നടക്കാതെ പോയത്.

നിലവിൽ കമ്മിഷണറും സ്പെഷ്യൽ കമ്മിഷണറും ഐ. എ. എസുകാരാണ്. ഇവർക്ക് തൊട്ടുതാഴെ അഡിഷണൽ കമ്മിഷണർ പദവിയാണ് നൽകുക. ഇതിനായി ഉന്നത ഉദ്യോഗസ്ഥന്റെ മുറി ഒഴിപ്പിച്ചുകഴിഞ്ഞു. കൊച്ചി സെൻട്രൽ കസ്റ്റംസിൽ നിന്നാണ് ഐ. ആർ.എസുകാരൻ എത്തുന്നത്.

ജി.എസ്.ടി വകുപ്പിൽ പ്രത്യേകം എൻഫോഴ്സ്മെന്റ് വിഭാഗം രൂപീകരിച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനെ തലപ്പത്തിരുത്താനും നീക്കം നടക്കുന്നുണ്ട്. ഐ. ആർ. എസ് ഉദ്യോഗസ്ഥൻ വരുന്നത് ഡെപ്യൂട്ടേഷനിലാണെങ്കിലും അവരുടെ സ്ഥിരം പദവിയാകുമോ എന്ന ആശങ്കയാണ് എതിർക്കാൻ ഐ.എ.എസുകാരെ പ്രേരിപ്പിക്കുന്നത്.

നിയമനത്തിന് പിന്നിൽ

# വാറ്രുനികുതി ഉൾപ്പെടെ സംയോജിപ്പിച്ച് ജി.എസ്. ടി പിരിക്കുന്നതിൽ വാണിജ്യ നികുതി വകുപ്പിന് പരിചയക്കുറവ്.

# സംസ്ഥാന വാണിജ്യ നികുതി വകുപ്പ് ചരക്ക് നികുതിയും കേന്ദ്ര കസ്റ്രംസ് ആൻ‌ഡ് സെൻട്രൽ എക്സൈസ് വകുപ്പ് സേവന നികുതിയും പിരിക്കുന്നതായിരുന്നു പഴയ സംവിധാനം.

# ഫിൽഡ് വർക്ക് ചെയ്ത് പരിചയമുള്ള ഉദ്യോഗസ്ഥരുടെ അഭാവം കാരണം നികുതി വരുമാനം കുറയുന്നു.

ചോർച്ച കുറയുന്നില്ല

പല വ്യാപാരികളും ജി.എസ്.ടി രജിസ്ട്രേഷൻ ഇനിയും എടുത്തിട്ടില്ല. എടുത്തവരിൽ പകുതിയോളം പേരാണ് റിട്ടേണുകൾ സമർപ്പിക്കുന്നത്. വാഹന പരിശോധനയും കടപരിശോധനയും നിലച്ചതോടെ വെട്ടിപ്പ് തടയാനാകുന്നില്ല. പലരും ജി.എസ്. ടി പ്രകാരമുള്ള ഇൻപുട്ട് ടാക്സ് ക്രെ‌ഡിറ്റ് തുടങ്ങിയ ആനുകൂല്യങ്ങൾ ക്രമക്കേട് കാട്ടി നേടുന്നുണ്ട്. ചെക് പോസ്റ്റുകൾ ഒഴിവായതോടെ വെട്ടിപ്പ് കൂടുകയും ചെയ്തു.

 ''കട പരിശോധന നടത്തി വെട്ടിപ്പ് കണ്ടെത്തുന്ന കാലം കഴിഞ്ഞു. ഡാറ്രാ അനലിറ്രിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ സങ്കേതങ്ങൾ ഉപയോഗിച്ച് നന്നായി ഹോം വർക്ക് നടത്തി മാത്രമേ നികുതി വെട്ടിപ്പുകൾ കണ്ടെത്താൻ കഴിയൂ''

- തോമസ് ഐസക്,

ധനമന്ത്രി