ചൊവ്വാഴ്ച മുതൽ ദർശനം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ രജിസ്ട്രേഷൻ നാളെ തുടങ്ങും

Sunday 07 June 2020 12:25 AM IST

തിരുവനന്തപുരം: ഓൺലൈനായോ നേരിട്ടോ മുൻകൂട്ടി രജിസ്റ്രർ ചെയ്യുന്നവർക്ക് ചൊവ്വാഴ്ച മുതൽ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം അനുവദിക്കും. നാളെ മുതൽ വടക്കേ നടയിലെ രജിസ്ട്രേഷൻ കൗണ്ടറിൽ ആധാർ കാർഡുമായെത്തി രജിസ്ട്രേഷൻ ചെയ്യാം. വടക്കേ നടയിലൂടെ ക്ഷേത്രത്തിലേക്ക് പ്രവേശിച്ച് പടിഞ്ഞാറെ നടയിലൂടെ തിരികെ വരാം. കിഴക്കേ നട തുറക്കില്ല. രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12 വരെയും വൈകിട്ട് 6 മുതൽ 6.15 വരെയും ആണ് ദർശനം. ദ‌ർശനത്തിന് മുമ്പ് തെർമൽ സ്കാൻ നടത്തിയാണ് ഭക്തരെ അകത്തേക്ക് കടത്തിവിടുക. എല്ലാവരും മാസ്ക് ധരിക്കണം. ജീവനക്കാർക്കെല്ലാം ഗ്ലൗസ് നൽകും. ഒരു തവണ അഞ്ച് ഭക്തരെ മാത്രമേ അകത്തേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. വടക്കേ നടയിലൂടെ പ്രവേശിച്ച ശേഷം ഒറ്രയ്ക്കൽ മണ്ഡപത്തിന് മുമ്പിൽ നിന്ന് മാത്രമേ തൊഴാൻ അനുവദിക്കൂ. ഒരു ദിവസം 600 പേർക്ക് മാത്രം ദർശനം അനുവദിക്കാനാണ് തീരുമാനം. ഓൺലൈൻ രജിസ്ട്രേഷന്: www.spst.in