ഫുട്ബാൾ താരം ഹംസക്കോയ മരിച്ചത് പ്ളാസ്മ ചികിത്സക്കിടെ

Saturday 06 June 2020 11:56 PM IST

മഞ്ചേരി: കൊവിഡ് ബാധിച്ച് മുൻ സന്തോഷ് ട്രോഫി ഫുട്‌ബാൾ താരം ഹംസക്കോയ (61) മരിച്ചത് പ്ളാസ്മ ചികിത്സക്കിടെ. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ആരോഗ്യനില മോശമായതിനെ തുടർന്ന് വെള്ളിയാഴ്ച പ്ലാസ്മ തെറാപ്പി ചികിത്സ ലഭ്യമാക്കുകയായിരുന്നു. ഇന്നലെ രാവിലെ 6.30നായിരുന്നു അന്ത്യം. 40 വർഷമായി മുംബയിൽ താമസിക്കുകയായിരുന്ന ഹംസക്കോയയും കുടുംബവും മേയ് 21നാണ് റോഡ് മാർഗം നാട്ടിലെത്തിയത്. ഭാര്യയ്ക്കും മുംബയ് കസ്റ്റംസിൽ ജോലി ചെയ്യുന്ന മകനുമാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഹംസക്കോയക്കും മരുമകൾക്കും മൂന്ന് വയസ്, മൂന്നുമാസം വീതം പ്രായമുള്ള രണ്ടു ചെറുമക്കൾക്കും രോഗം സ്ഥിരീകരിച്ചു.

30ന് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ഹംസക്കോയയെ ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു.ആരോഗ്യ നില വഷളായതിനെ തുടർന്നാണ് വെള്ളിയാഴ്ച, കൊവിഡ് മുക്തരായ തിരൂർ, പയ്യനാട് സ്വദേശികളുടെ പ്ളാസ്മ ഉപയോഗിച്ച് ചികിത്സ ലഭ്യമാക്കിയത്.കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഉച്ചയ്ക്കുശേഷം പരപ്പനങ്ങാടി ജുമാമസ്ജിദിൽ മൃതദേഹം സംസ്‌കരിച്ചു. മഹാരാഷ്ട്രയ്ക്കായി അഞ്ചുവർഷം സന്തോഷ് ട്രോഫിയിൽ ബൂട്ടണിഞ്ഞിട്ടുള്ള ഹംസക്കോയ മോഹൻ ബഗാൻ, മുഹമ്മദൻസ് ക്ലബുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. നിലവിൽ രണ്ടു പാർട്ണർമാരോടൊപ്പം മുംബയിൽ ട്രാവൽസ് നടത്തിവരികയായിരുന്നു. ഭാര്യ ലൈല ഹംസ മുൻ ഇന്ത്യൻ വോളിബാൾ താരവും റിട്ട. റെയിൽവേ ഉദ്യോഗസ്ഥയുമാണ്. മകൻ ലിഹാസ് കോയ ഇന്ത്യൻ ജൂനിയർ ഫുട്‌ബാൾ ടീം ഗോൾ കീപ്പറായിരുന്നു. മകൾ: സെബീന.