ഇടുക്കി ഡാം : ആശങ്ക വേണ്ടെന്ന് കെ.എസ്.ഇ.ബി

Sunday 07 June 2020 12:03 AM IST

കൊച്ചി: മഴക്കാലമെത്തും മുമ്പേ ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഇൗ വർഷവും പ്രളയമുണ്ടാകുമെന്ന ആശങ്കയ്‌ക്ക് ശാസ്ത്രീയ അടിത്തറയില്ലെന്ന് കെ.എസ്.ഇ.ബി അധികൃതർ ഹൈക്കോടതിയിൽ അറിയിച്ചു. ഡാമുകളിലെ ജലനിരപ്പ് ഉയർന്നെന്ന മാദ്ധ്യമ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചീഫ് ജസ്റ്റിസിനെഴുതിയ കത്തിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി സ്വമേധയാ പരിഗണിക്കുന്ന ഹർജിയിലാണ് വൈദ്യുതിബോർഡ് ഇക്കാര്യം അറിയിച്ചത്. ഇടുക്കിയിലെ ജനറേറ്ററുകളിൽ ചിലത് പ്രവർത്തനക്ഷമമല്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കത്തിൽ പരാമർശിച്ചിരുന്നു. കെ.എസ്.ഇ.ബി അസി. എക്സിക്യുട്ടീവ് എൻജിനിയീർ സി.സി. തോബിയാസ് സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിൽ ഇക്കാര്യവും വിശദീകരിച്ചിട്ടുണ്ട്.

 ജനറേറ്ററുകൾ ഇങ്ങനെ

ഇടുക്കിയിലെ ആറ് ജനറേറ്ററുകളിൽ നാലെണ്ണം പ്രവർത്തനക്ഷമമാണ്. ഒരു ജനറേറ്റർ കൂടി ജൂൺ 30 മുതൽ പ്രവർത്തിച്ചുതുടങ്ങും. ഒരെണ്ണത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നു.ജനറേറ്ററുകൾക്ക് കാലപ്പഴക്കമുള്ളതിനാൽ പുതിയൊരു പവർഹൗസ് സ്ഥാപിക്കാൻ പദ്ധതി റിപ്പോർട്ടിനായി ഗ്ളോബൽ ടെൻഡർ നടപടി തുടങ്ങി. ജൂൺ - നവംബർ വരെയുള്ള കാലയളവിൽ പ്രതിദിനം 3 - 4 മില്യൺ യൂണിറ്റ് വൈദ്യുതിയാണ് ഇടുക്കിയിൽ ഉത്പാദിപ്പിക്കുന്നത്. ഇതിന് ഒന്നോ രണ്ടോ മെഷീനുകൾ പ്രവർത്തിപ്പിച്ചാൽ മതി. അതിനാലാണ് ഇക്കാലത്ത് അറ്റകുറ്റപ്പണി നടത്തുന്നത്.

 ഡാമിലെ വെള്ളം

കെ.എസ്.ഇ.ബിയുടെ ചുമതലയിലുള്ള 37 ഡാമുകൾക്കും സമഗ്ര അടിയന്തര കർമ്മപദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതിന് കേന്ദ്ര ജലകമ്മിഷന്റെ അംഗീകാരവുമുണ്ട്. മേയ് അഞ്ചുമുതൽ എട്ടുവരെയുള്ള കാലയളവിൽ ഡാമുകളിലെ ജലനിരപ്പ് കൈകാര്യം ചെയ്യുന്നതിനും മൺസൂൺ ഒരുക്കങ്ങൾക്കുമായി എട്ടുതവണ ഉന്നതതലയോഗം ചേർന്നു നടപടികളെടുത്തു. 2020 ജൂൺ ഒന്നിലെ കണക്കനുസരിച്ച് ഇടുക്കിയിലെ ജലനിരപ്പ് 2338. 46 അടിയാണ്. സംഭരണശേഷിയുടെ 62.7ശതമാനമാണിത്. ബോർഡ് കൈകാര്യം ചെയ്യുന്ന 18 റിസർവോയറുകളുടെയും ആകെ സംഭരണശേഷി 3532 എം.സി.എം (മില്യൺ ക്യുബിക് മീറ്റേഴ്സ്) ആണ്. ഇവയിൽ സംഭരിച്ചത് 845.06 എം.സി.എം ജലമാണ്. ഇതു ആകെ സംഭരണശേഷിയുടെ 23.9 ശതമാനം മാത്രം.