ഈ നടനിൽ നിന്ന് ഇനിയും പ്രതീക്ഷിക്കാനുണ്ട്

Monday 08 June 2020 4:32 AM IST
chemban

നാളെ അഭിനയം ബോറടിക്കുകയാണെങ്കിൽ മ​റ്റെന്തെങ്കിലും നോക്കും.

ചെമ്പൻ വിനോദ് ജോസ് എന്ന നടനെ മലയാള സിനിമാ നടൻ എന്നതിനേക്കാൾ ഇന്ത്യൻ സിനിമാ നടൻ എന്ന് അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദികളിൽ അറിയപ്പെടുന്നുണ്ട്.ഈ.മ. യൗ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള അവാർഡ് ചെമ്പനെ തേടിയെത്തിയത് ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോത്സവ വേദിയിലായിരുന്നു.ഈ നടനിൽ നിന്ന് ഇനിയും പ്രതീക്ഷിക്കാനുണ്ടെന്ന് ബോധ്യപ്പെടുത്തിയ ചിത്രമായിരുന്നു ഈ .മ.യൗ .

പൊട്ടിച്ചിരിപ്പിച്ചുകൊണ്ടായിരുന്നു അരങ്ങേറ്റം, ഹാസ്യതാരത്തിൽ നിന്ന് സ്വഭാവനടനായും വില്ലനായും എന്നല്ല ഏത് വേഷവും കൈകാര്യം ചെയ്യാവുന്ന നടനായി തിളങ്ങിയ ചെമ്പൻ ഈയിടെ വീണ്ടും വിവാഹിതനായി. കരുകച്ചാൽ സ്വദേശിനി മറിയം തോമസ് സിനിമാ ജീവിതത്തിന്റെ പത്താം വാർഷികത്തിലാണ് ജീവിത സഖിയായി കടന്നുവന്നത്. ലോക്ഡൗൺ കാലത്ത് ആർഭാടങ്ങളില്ലാതെ നടന്ന താരവിവാഹം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പുതിയ ജീവിതവും സിനിമാ വിശേഷങ്ങളുമായി ചെമ്പൻ വിനോദ് മനസുതുറക്കുന്നു..

പുതു ജീവിതത്തിലേക്ക് കൈപിടിച്ച്

മറിയം സൈക്കോളജിസ്​റ്റും സുംമ്പ ഡാൻസ് ട്രെയിനറുമാണ്. ലോക് ഡൗൺ ചട്ടങ്ങളെ മാനിച്ചായിരുന്നു വിവാഹം. ജീവിതം വളരെ ഹാപ്പിയായി പോകുന്നു .


സിനിമയിൽ സ്വന്തം സ്ഥാനം കണ്ടെത്തി യാത്ര തുടരുകയാണല്ലോ ?

കേന്ദ്രകഥാപാത്രം മാത്രമേ ചെയ്യൂ എന്ന പിടിവാശിയൊന്നുമില്ല. എന്നെ കാണാൻ വേണ്ടി തിയേ​റ്ററുകളിൽ ആളുകൾ ഇടിച്ചുകയറുമെന്ന വിശ്വാസവും എനിക്കില്ല. കഥാപാത്രം നല്ലതാണോ അഭിനയസാദ്ധ്യത നിറഞ്ഞതാണോ എന്നേ നോക്കാറുള്ളൂ. ഇതിനു മുൻപ് ചെയ്ത കഥാപാത്രത്തെക്കാൾ വ്യത്യസ്തമാണോ എന്ന് ആദ്യം നോക്കും. ടൈപ്പ്കാസ്റ്റ്ഡ് ആവാതിരിക്കാൻ പരമാവധി ശ്രമിക്കും. കുറെ സിനിമകളിൽ കള്ളനായി അഭിനയിച്ചു. പിന്നെ അത്തരം കഥാപാത്രങ്ങൾ ചെയ്യാതിരുന്നു. പ്രതിഫലം പിന്നീട് വരുന്ന കാര്യം മാത്രമാണ്. ഇന്ന് മലയാള സിനിമയിൽ എന്റെ സ്ഥാനം എന്താണെന്ന് എനിക്ക് നല്ലതുപോലെ അറിയാം. ഒരു സിനിമ വിജയിച്ചെന്ന് കരുതി അടുത്തതിന് പത്തുലക്ഷം രൂപ കൂട്ടി വാങ്ങാറില്ല . ഞാൻ ഒരു കാരക്ടർ ആർട്ടിസ്​റ്റാണ്.

ആരുടെയും മുഖത്ത് നോക്കി കാര്യങ്ങൾ പറയുന്നതാണ് രീതി.

ഈ സ്വഭാവം പണ്ടേയുണ്ടോ?

അതിന് എന്നെ പ്രാപ്തനാക്കിയത് ബംഗളൂരു ജീവിതമാണ്. പതിനാറാം വയസിൽ ഫിസിയോതെറാപ്പി പഠിക്കാനാണ് ബംഗളൂരുവിൽ എത്തുന്നത്. പഠനം കഴിഞ്ഞ ശേഷം അവിടെ തന്നെ ജീവിച്ചു. റിയൽ എസ്​റ്റേ​റ്റും പ്രൊഫഷണൽ കോളേജുകളിൽ സീ​റ്റ് റെഡിയാക്കി കൊടുക്കുമ്പോൾ കിട്ടുന്ന കമ്മിഷനും ഒക്കെയായി ജീവിതം അടിച്ചുപൊളിച്ചു .

വസ്തുക്കച്ചവടമൊക്കെയായിരുന്നു മെയിൻ. അങ്ങനെ ജീവിതം കെട്ടിപ്പടുത്തു. രാവിലെ പത്തുമണിക്ക് പോയി വൈകുന്നേരം അഞ്ചിന് വീട്ടിൽ വരുന്ന ജോലിയോട് താത്പര്യമില്ലായിരുന്നു. അത്തരം ജോലികൾ എനിക്ക് പെട്ടെന്ന് ബോറടിപ്പിക്കും. ഒരിക്കലും ഒരു സിനിമാക്കാരന്റെ സെലിബ്രി​റ്റി ലൈഫ് പിന്തുടരാറില്ല.. നാളെ അഭിനയം ബോറടിക്കുകയാണെങ്കിൽ മ​റ്റെന്തെങ്കിലും നോക്കും. ബോറടിച്ചാല്‌ എന്ത് മോഹന വാഗ്ദാനങ്ങൾ തന്നാലും അതങ്ങു വിടും. ഈ ആർജ്ജവം തന്നത് ബംഗളൂരു ജീവിതമാണ്.

കഥാപാത്രത്തിനുവേണ്ടി വലിയ തയ്യാറെടുപ്പൊന്നും നടത്താറില്ലെന്ന് കേട്ടു?

ശരിയാണ്. കഥയും കഥാപാത്രങ്ങളും മനസിലിട്ടു കൊണ്ട് നടക്കുന്ന പതിവില്ല. ഈ. മ.യൗ ചെയ്യുമ്പോൾ എന്തെങ്കിലും തരത്തിൽ തയ്യാറെടുപ്പ് നടത്താൻ ലിജോജോസ് പറഞ്ഞിരുന്നു.. ആ സിനിമയാവട്ടെ ഡാർക്ക് ടോണും. എന്നാൽ സമയക്കുറവു കാരണം തയ്യാറെടുപ്പ് നടന്നില്ല. ഈ സ്വഭാവം നാളെ ചിലപ്പോൾ മാ​റിയേക്കാം..


അങ്കമാലി ഡയറീസിന്റെ തിരക്കഥ എഴുതുമ്പോൾ സംവിധാനം മനസിൽ കണ്ടിരുന്നോ?

എഴുത്തു തുടങ്ങുമ്പോൾ അങ്ങനെ ആഗ്രഹമുണ്ടായിരുന്നു. പിന്നീട് അത് മാറി.ഒരു ആയുർവേദ ചികിത്സയ്ക്കിടയിലെ വിശ്രമസമയത്താണ് അങ്കമാലി ഡയറീസിന്റെ ആശയം മനസിൽ രൂപപ്പെടുന്നത്. നാട്ടിൽ നടന്ന പല സംഭവങ്ങളും ലിജോയുടെ സിനിമകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആമേനിലെ ആദ്യ സീൻ തന്നെ അങ്കമാലിയിൽ നടന്നൊരു സംഭവമാണ്.

എന്റെ നാട്ടിൽ നടന്ന പല സംഭവങ്ങളും കോർത്തിണക്കിയാണ് അങ്കമാലി ഡയറീസിന്റെ തിരക്കഥ പൂർത്തിയാക്കിയത്. ആദ്യത്തെ കുറെ ഭാഗങ്ങൾ എഴുതിയ ശേഷം സുഹൃത്തും തിരക്കഥാകൃത്തുമായ പി.എസ്. റഫീഖിനെ കാണിച്ചു. റഫീഖിന് ഇഷ്ടമായി. ഈ മൂഡ് പിടിച്ചു തന്നെ തുടർന്ന് അങ്ങോട്ടും എഴുതിയാൽ സംഭവം കലക്കുമെന്ന് പറഞ്ഞു. അത് കഴിഞ്ഞു രണ്ടു വർഷം കഴിഞ്ഞാണ് തിരക്കഥ പൂർത്തിയാക്കുന്നത്. ചില സീനുകൾ വെട്ടി മാ​റ്റി. വെട്ടിമാ​റ്റിയ സീനുകൾ മാത്രം ചേർത്താൽ ഒരു പടത്തിനുണ്ട്..

ലിജോയുമായുള്ള സൗഹൃദം?

ലിജോയുമായി പതിനഞ്ചു വയസ് മുതൽ സൗഹൃദമുണ്ട്. ലിജോയുടെ അമ്മയുടെ ചേച്ചിയുടെ വീട് അങ്കമാലിയിൽ എന്റെ വീടിന്റെ അടുത്താണ്. ഫിസിയോതെറാപ്പി പഠിക്കാൻ ഞാൻ ബംഗളൂരുവിൽ പോയപ്പോൾ ലിജോയും അവിടെ മ​റ്റൊരു കോഴ്‌സ് ചെയ്യാൻ വന്നു. കാണുമ്പോഴെല്ലാം സിനിമയെക്കുറിച്ച് ഞങ്ങൾ സംസാരിച്ചു. സംവിധായകനാവുക എന്നതായിരുന്നു അന്നേ ലിജോയുടെ ലക്ഷ്യം. അവനൊപ്പം ഒരുപാട് സിനിമ കണ്ടു. എന്നാൽ സിനിമയിൽ വരാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല. ബംഗളൂരുവിൽ ലോക സിനിമകളുടെ ഡി.വി.ഡികൾ വാടകയ്ക്ക് കൊടുക്കുന്ന സിനിമാ പാരഡിസോ എന്ന ക്ലബുണ്ട്. യഥാർത്ഥ ഡി.വി.ഡിയായതിനാൽ ഒരു ദിവസത്തെ വാടക നൂറു രൂപയാണ്. ലിജോ ആ സിനിമയുടെ സംവിധായകനെയും കാമറാമാനെയും ശ്രദ്ധിക്കും. ഞാൻ താരങ്ങളെയും.


അവന്റെ സിനിമയിൽ അഭിനയിക്കുമ്പോൾ പ്രത്യേക സന്തോഷമാണ്. അവൻ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ഒരു നോട്ടത്തിലൂടെ തന്നെ എനിക്ക് മനസിലാകും. ലിജോയുടെ ആദ്യ സിനിമയായ നായകനായിരുന്നു എന്റെയും ആദ്യ ചിത്രം. എന്റെ ഈ രൂപമൊക്കെ വച്ച് സിനിമയിൽ എത്രത്തോളം സാദ്ധ്യതയുണ്ടെന്ന് സംശയമായിരുന്നു. മ​റ്റുള്ളവരുടെ മുന്നിൽ അമിത എളിമ കാണിക്കാൻ എനിക്ക് അറിയില്ല. അത് എന്റെ ഒരു രീതിയാണ്. ആമേൻ സിനിമാജീവിതം മാ​റ്റിമറിച്ചു. ആമേൻ, നോർത്ത് 24 കാതം , സപ്തമശ്രീ തസ്‌കര, ഇയ്യോബിന്റെ പുസ്തകം തുടങ്ങിയ സിനിമകളിലെല്ലാം വൈവിദ്ധ്യമായ കഥാപാത്രങ്ങൾ കിട്ടി. ഇതിനുശേഷമാണ് അഭിനയം ആസ്വദിക്കാൻ തുടങ്ങിയത്.


റഫ് ലുക്ക് ആളുകൾക്കിടയിൽ തെ​റ്റിദ്ധാരണ സൃഷ്ടിക്കാറുണ്ടോ?

ഞാനൊരു പ്രശ്‌നക്കാരനാണെന്ന് തെ​റ്റിദ്ധരിക്കുന്നവരുണ്ട്. അതിനു കാരണം എന്റെ രൂപമാകാം. പ്രീഡിഗ്രി പഠന കാലത്ത് കോളേജിൽ വെറുതേ വന്ന് ചിലർ എന്നോട് ഉടക്കുണ്ടാക്കും. എന്നാൽ ഈ രൂപം എനിക്ക് ഗുണമേ തന്നിട്ടുള്ളൂ. കറുപ്പ് നിറം, കാണാൻ അത്ര പോര, എന്നൊക്കെയുള്ള തോന്നലാണ് ജീവിതത്തിൽ ഒരുപാട് മുന്നേറണമെന്ന ആഗ്രഹം ഉണ്ടാക്കിയത്.. അതാണ് ഇവിടെവരെ എത്തിച്ചത്. അതിൽ സന്തോഷമുണ്ട്. അങ്കമാലി ഡയറീസിലെ പെപ്പേ ഞാനാണെന്ന് കരുതുന്നവരുണ്ട്. പെപ്പേ എന്ന പേര് എന്റെ മകനിടാൻ നിശ്ചയിച്ചിരുന്നതാണ് .. സ്പാനിഷ് പേരാണ് അത്.


ഗോവ ഫിലിം ഫെസ്​റ്റിവലിൽ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു.എന്നാൽ സംസ്ഥാന അംഗീകാരം ലഭിച്ചില്ല?

നിരവധി അന്താരാഷ്ട്ര പുരസ്‌കാരം നേടിയ സിനിമയാണ് ഈ.മ. യൗ. ഗോവ ഫിലിം ഫെസ്​റ്റിവലിൽ ഈ പുരസ്‌കാരം ലഭിക്കുന്ന മൂന്നാമത്തെ ഇന്ത്യക്കാരനാണ് ഞാൻ. പോയ വർഷം പാർവതിക്ക് ലഭിച്ചു. സത്യത്തിൽ ഗോവ ഫിലിം ഫെസ്​റ്റിവലിലെ അവാർഡിന് ഇത്രയും മൂല്യം ഉണ്ടെന്ന് അറിയില്ലായിരുന്നു. വിദേശ രാജ്യങ്ങളിലെ പ്രതിഭാധനരായ സിനിമാ പ്രവർത്തകർ നമ്മളുടെ അഭിനയം അംഗീകരിച്ചതിൽ വലിയ സന്തോഷം തോന്നി.